Site iconSite icon Janayugom Online

നയതന്ത്ര യുദ്ധം മുറുകി; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല

canadacanada

ഇന്ത്യ‑കാനഡ നയതന്ത്ര യുദ്ധം മുറുകി. കാനഡയിലെ പൗരന്മാർക്കു വിസ നൽകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവച്ചതായി ഇന്ത്യ അറിയിച്ചു.പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ വിസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ അറിയിപ്പില്‍ പറയുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് വിശദീകരിച്ചു. ഇ‑വിസ സേവനങ്ങളും നിര്‍ത്തിവച്ചു. ഹൈക്കമ്മിഷന്റെ ഇടപെടല്‍ വേണ്ടതിനാല്‍ മറ്റ് രാജ്യങ്ങളിലുള്ള കനേഡിയന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് എത്താന്‍ വിസ വിലക്ക് തടസമാകും.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. തുടർന്ന് ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കി.
തര്‍ക്കം മുറുകിയ സാഹചര്യത്തിൽ കാനഡയും ഇന്ത്യയും സ്വന്തം പൗരന്മാർക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു. കനേഡിയൻ പൗരന്മാക്ക് വിസ നിഷേധിച്ചുള്ള പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാക്കിയേക്കും. ഇന്ത്യയുടെ തീരുമാനം കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ കടുത്ത ആശങ്കയിലാക്കി. മൂന്നു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികള്‍ കാനഡയിലുണ്ട്.
വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ദേശീയ സുരക്ഷ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. കാനഡയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും മുന്‍വിധിയോടെ ഉള്ളതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഹൈക്കമ്മിഷന്‍ പ്രവര്‍ത്തനം തുടരും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹൈക്കമ്മിഷന്റെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം തുടരുമെന്ന് കാനഡ. അതേസമയം രാജ്യത്തെ ജീവനക്കാരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ തീരുമാനമെടുത്തതായും കനേഡിയന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാരായ ജീവനക്കാരെ കുറയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുനഃക്രമീകരിക്കുമെന്ന് മാത്രമാണ് ഹൈക്കമ്മിഷന്റെ പ്രസ്താവന.
ചില കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കമ്മിഷന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയുടെ ആവശ്യപ്രകാരമാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കുന്നതെന്ന് അരിന്ദം ബാഗ്ചി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിഷയം യുഎന്നിലേക്ക്
ന്യൂഡല്‍ഹി: കാനഡയ്‌ക്കെതിരെ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാന്‍ ഇന്ത്യയുടെ തീരുമാനം. തര്‍ക്കം അനുനയത്തിലൂടെ പരിഹരിക്കാന്‍ നയതന്ത്ര നീക്കങ്ങളും സജീവമാണ്.
യുഎസ്, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ കാനഡയ്കക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാനഡയുടെ അന്വേഷണവുമായി സഹകരിക്കണമെന്ന് ഇരുരാജ്യങ്ങളും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
തര്‍ക്കം മുറുകുന്നതിനിടെ വിവിധ കേസുകളില്‍ പ്രതികളായ കനേഡിയന്‍ ബന്ധമുള്ള 43 ഖലിസ്ഥാന്‍ നേതാക്കളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക എന്‍ഐഎ പുറത്തുവിട്ടു. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖലിസ്ഥാന്‍ നേതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. 10 ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വാഗ്ദാനം.

eng­lish sum­ma­ry; The diplo­mat­ic bat­tle inten­si­fied; Visas are not issued to Cana­di­an citizens

You may also like this video;

Exit mobile version