Site iconSite icon Janayugom Online

രോഗം മാറാണം; ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ ചൂട് ഇരുമ്പ് ദണ്ഡ് വച്ച് കുടുംബം

രോഗം ഭേദമാകുന്നതിന് വേണ്ടി ഒരു മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന്റെ ശരീരത്തില്‍ 40 തവണ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് കുടുംബം. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ജില്ലയിലെ സ‍ര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നബരംഗ്പൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍ പാണ്ഡ ആശപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിക്കുകയും ഇപ്പോള്‍ കുട്ടി സുഖം പ്രാപിച്ച് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. 

പത്ത് ദിവസം കുട്ടിക്ക് കടുത്ത പനിയും ഉയര്‍ന്ന താപനിലയും ഉണ്ടാകുകയും ഇതിനെത്തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരയുകയും ചെയ്തിരുന്നതായി ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ കുടുംബം കുഞ്ഞിന് എന്തോ പ്രേത ബാധ ഉണ്ടായതായി വിശ്വസിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന് പകരം ശരീരത്തില്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് വയ്ക്കുകയായിരുന്നു. ഇങ്ങനെ ചെയ്താല്‍ കുട്ടി സുഖപ്പെടുമെന്നാണ് കുടുംബം വിശ്വസിച്ചിരുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

എന്നാല്‍ പൊള്ളലേറ്റ് കുട്ടി ഗുരുതരാവസ്ഥയിലായതോടെ ഉമര്‍കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വളരെക്കാലമായി ഉള്‍പ്രദേശങ്ങളില്‍ ഇത്തരം ദുരാചാരങ്ങള്‍ നടക്കുന്നുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 

Exit mobile version