Site iconSite icon Janayugom Online

സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി; കുട്ടികളിലെ സമ്മർദം കുറയ്ക്കാൻ സ്കൂളിൽ സുംബാ ഡാൻസ് പോലുള്ള വിനോദങ്ങൾ വേണമെന്നും മുഖ്യമന്ത്രി

സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കിയെന്നും കുട്ടികളുടെ സമ്മർദം കുറയ്ക്കാൻ സ്കൂളിൽ സുംബാ ഡാൻസ് പോലുള്ള വിനോദങ്ങൾ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത അനിവാര്യമാണ്. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം.

മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങൾകൊണ്ട് കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയലൻസിന്റെ സ്വാധീനം കുട്ടികളിൽ കൂടുന്നുണ്ട്. അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ ഒരു പദ്ധതി പല തലത്തിൽ ആവിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം. അറിവ് പകർന്നു കിട്ടുന്ന സൈറ്റുകളിലേക്കാണ് കുട്ടികൾ കടന്നു ചെല്ലുന്നത് എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Exit mobile version