Site icon Janayugom Online

വിദ്യാഭ്യാസ മാഫിയ വലിയ വെല്ലുവിളി

എന്‍ജിനീയറിങ് പ്രവേശനത്തിനായി ദേശീയ തലത്തില്‍ നടത്തിയ സംയുക്ത പ്രവേശന പരീക്ഷ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ‑ജെഇഇ) യുടെ ഫലം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിക്കുകയുണ്ടായി. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 20 പേരെ അയോഗ്യരാക്കിയെന്ന അറിയിപ്പും ഉണ്ടായിരുന്നു. അയോഗ്യരാക്കപ്പെട്ട 20 പേര്‍ ആള്‍മാറാട്ടം നടത്തുകയോ കോപ്പിയടിക്കുകയോ ചെയ്തുവെന്നാണ് കാരണമായി പറഞ്ഞിട്ടുള്ളതെങ്കിലും പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന ചില വന്‍തട്ടിപ്പുമായി ഇതിന് ബന്ധമുണ്ടെന്നാണ് നിഗമനം. മറ്റൊന്നുമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രവേശന പ്രക്രിയയില്‍ നടക്കുന്ന വിദ്യാഭ്യാസ മാഫിയാ പ്രവര്‍ത്തനമാണത്. മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന യോഗ്യതാ പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷ ‑നീറ്റ്) യിലും ക്രമവിരുദ്ധമായ നടപടികളുണ്ടായതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 9.34 ലക്ഷത്തിലധികം പേര്‍ ഹാജരായ ജെഇഇ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ 20 പേരെ മാത്രമേ അയോഗ്യരാക്കിയുള്ളൂ. മൂന്ന് വര്‍ഷത്തേയ്ക്കാണ് അയോഗ്യത. എന്നാല്‍ നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം 23 കേന്ദ്രങ്ങളിലായി 400 പരീക്ഷാര്‍ത്ഥികള്‍ ജെഇഇ പരീക്ഷ നടത്തുന്ന സ്വതന്ത്ര ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യുടെ നിരീക്ഷണത്തിലായിരുന്നു. അതിന്റെ ഫലമായുള്ള നടപടിയെന്ന നിലയിലാണ് 20 പേരെ അയോഗ്യരാക്കിയത്. ഇവരുടെ ഫലം തടഞ്ഞിട്ടുമുണ്ട്. ഇത്തവണ നാലുഘട്ടമായാണ് ജെഇഇ പരീക്ഷ നടന്നത്. ആദ്യ രണ്ടു ഘട്ടങ്ങള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്നുവെങ്കിലും അവശേഷിച്ച രണ്ടുഘട്ടങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വൈകി. അതുകൊണ്ട് ജൂലൈ 20–25 വരെയും ഓഗസ്റ്റ് 26‑സെപ്റ്റംബര്‍ 2 എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും ഘട്ടം പരീക്ഷകള്‍ നടന്നത്. നാലാം ഘട്ടപരീക്ഷകള്‍നടന്നു കഴിഞ്ഞപ്പോള്‍ ചില പരീക്ഷാര്‍ത്ഥികള്‍ക്ക് സ്കോറിങ്ങില്‍ അസാധാരണമായ വര്‍ധന ഉണ്ടായതാണ് പരീക്ഷാ തട്ടിപ്പിന്റെ സാധ്യതകള്‍ സംബന്ധിച്ച സംശയം സൃഷ്ടിച്ചത്. 50 മുതല്‍90 ശതമാനം വരെയാണ് ചിലരുടെ സ്കോറുകളില്‍ വര്‍ധനയുണ്ടായത്.

 


ഇതുകൂടി വായിക്കൂ:  നീറ്റിനെ പുറത്താക്കി തമിഴ്‌നാട്: മെ‍ഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍


 

ജെഇഇ പരീക്ഷയില്‍ വിപുലമായ ശൃംഖലയില്‍ ഉന്നതതല ഒത്താശയോടെ നടന്ന പരീക്ഷാ തട്ടിപ്പാണ് പുറത്തായത്. ഇതുസംബന്ധിച്ച സിബിഐ അന്വേഷണം നടക്കുന്നുമുണ്ട്. 11പേരെയാണ് ആദ്യഘട്ടത്തില്‍ സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഇടനില സ്ഥാപനമാണ് തട്ടിപ്പിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 20 പേരെ അയോഗ്യരാക്കുന്നതിന് പറഞ്ഞ കാരണങ്ങളായിരുന്നില്ല തട്ടിപ്പിന് പിന്നിലെ കാരണങ്ങളെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രക്ഷിതാക്കളെ സമീപിച്ച് നാലാം ഘട്ട പരീക്ഷ പാസാകുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് തുക കൈപ്പറ്റുകയും ഉദ്യോഗസ്ഥ ഒത്താശയോടെ കമ്പ്യൂട്ടര്‍ അടിസ്ഥാനമായുള്ള പരീക്ഷയില്‍ ക്രമക്കേട് നടത്തുകയുമായിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് മറ്റൊരിടത്തിരുന്നാണ് കൃത്രിമം നടത്തിയത്. 10–15ലക്ഷം രൂപവരെ രക്ഷിതാക്കളില്‍ നിന്ന് ഈടാക്കിയതായും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാണ്‍പൂരില്‍ നിന്നുള്ളവര്‍ക്ക് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും അറസ്റ്റിലായവരുടെ പട്ടികയില്‍ ഉണ്ടെന്നത് തട്ടിപ്പ് വിപുലമായി നടന്നുവെന്നതിന്റെ സൂചനയാണ്. വാരാണസിയിലാണ് നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടന്നുവെന്ന കേസുണ്ടായിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേരെയാണ് ഇവിടെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 13 ന് നടന്ന നീറ്റ് പരീക്ഷാ വേളയില്‍ വാരാണസിയിലെ സര്‍നാഥ് മേഖലയില്‍ നിന്നാണ് അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഘത്തിലെ ചിലരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ന, ത്രിപുര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയിട്ടുണ്ടെന്ന കണ്ടെത്തല്‍ ഈ തട്ടിപ്പിന് വൈപുല്യമേറെയാണ് എന്നതിന്റെ തെളിവാണ്. പ്രവേശന പരീക്ഷയില്‍ ജയിക്കുകയാണെങ്കില്‍ 30 മുതല്‍ 40 ലക്ഷം രൂപവരെ നല്കണമെന്ന കരാറില്‍ അഞ്ചുലക്ഷം രൂപയാണ് ആദ്യഗഡുവായി ഈടാക്കിയത്.

 


ഇതുകൂടി വായിക്കൂ: ജെഇഇ പരീക്ഷയില്‍ ക്രമക്കേട്: വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി പരീക്ഷ നടത്തിയ സ്ഥാപനങ്ങളില്‍ റെയ്ഡ്


 

വിദ്യാര്‍ത്ഥികളെക്കാള്‍ രക്ഷിതാക്കളാണ് മക്കള്‍ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനം നേടണമെന്ന് കൂടുതലായും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവേശനം ലഭിക്കുന്നതിന് വഴിവിട്ട രീതിയിലാണെങ്കില്‍ പോലും എത്ര തുകയും ചെലവഴിക്കാന്‍ അവര്‍ സന്നദ്ധരാകുന്നു. ഈ മാനസികാവസ്ഥ മുതലെടുത്താണ് തട്ടിപ്പു സംഘങ്ങള്‍ വിഹരിക്കുന്നത്. ഇത് സാമ്പത്തിക തട്ടിപ്പ് എന്നതിനപ്പുറം നമ്മുടെ ഉന്നത വിദ്യഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന രോഗമായി പരിഗണിക്കേണ്ടതുണ്ട്. നേരത്തേയും പരീക്ഷാതട്ടിപ്പുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും സുപ്രധാനമായ രണ്ട് ദേശീയ പ്രവേശന പരീക്ഷകളിലും വിപുലമായ കണ്ണികളുള്ള തട്ടിപ്പ് ഗൗരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ട് വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനമാക്കി രൂപം കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മാഫിയയെ വിലങ്ങണിയിക്കുന്നതിനുള്ള സമഗ്രമായ അന്വേഷണവും കര്‍ശന നടപടികളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.

Exit mobile version