Site iconSite icon Janayugom Online

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

മോഡി സര്‍ക്കാരിന്റെ തലതിരിഞ്ഞ നയമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമ്പോള്‍ പെരുമാറ്റച്ചട്ടം സുപ്രധാന വെല്ലുവിളിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. മാതൃക പെരുമാറ്റച്ചട്ടം കാരണം വികസന പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് വാദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് കടകവിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഭരണഘടനാ ഭേദഗതി അനിവാര്യമായ സാഹചര്യത്തിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതോ, പുതിയ രീതി അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് നീങ്ങുന്നതിനോ പെരുമാറ്റച്ചട്ടം പ്രതിസന്ധി സൃഷ്ടിക്കും. രാജ്യമാകെ പെരുമാറ്റച്ചട്ടത്തിന്റെ കീഴിലേക്ക് മാറുന്നത് വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തടസപ്പെടുത്തും. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് നിയോഗിക്കുക വഴി മനുഷ്യവിഭവശേഷിയും നിശ്ചിത കാലത്തേക്ക് മുടങ്ങും. ഇത് പൊതുജീവിതത്തെയും പ്രതികൂലമായി ബാധിക്കും. 2023 മാര്‍ച്ചില്‍ നിയമകമ്മിഷന് നല്‍കിയ മറുപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയതും പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടായിരുന്നു.

മാതൃകാ പെരുമാറ്റച്ചട്ട സമയം വെട്ടിക്കുറച്ച് വിഷയത്തില്‍ സമവായം കണ്ടെത്താനുള്ള നടപടിയാണ് ഉചിതമെന്നും കമ്മിഷന്‍ ലോ കമ്മിഷനെ അറിയിച്ചിരുന്നു. കേന്ദ്ര നിയമ മന്ത്രാലയം, നിയമ കമ്മിഷന്‍ തുടങ്ങിവരുമായുള്ള ചര്‍ച്ചകളിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതേവിഷയം ഉന്നയിച്ചിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിച്ച് പ്രശ്നങ്ങള്‍ ലഘൂകരിക്കണമെന്നും കമ്മിഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ വിഷയത്തിലെ യോജിപ്പും വിയോജിപ്പും പദ്ധതിക്ക് തടസം സൃഷ്ടിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമല്ലെന്നും ഏകാധിപത്യ ഭരണം സ്ഥാപിക്കാനുള്ള ബിജെപി തന്ത്രമാണെന്നും പ്രതിപക്ഷം നേരത്തെ ആരോപണമുന്നയിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പോടെ പാസാക്കിയ വിവാദ ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി പരിശോധിച്ച് വരുന്നതിനിടെയാണ് പ്രായോഗിക നടപ്പിലാക്കല്‍ ദുഷ്കരമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വിലയിരുത്തിയിരിക്കുന്നത്.

Exit mobile version