Site iconSite icon Janayugom Online

ലാഭത്തിലായ ഫാക്ട്‌ വീണ്ടും നഷ്‌ടത്തിലേക്ക്‌

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണ കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്‌ട്) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023–24) ലാഭത്തിലും വിറ്റുവരവിലും കനത്ത ഇടിവ്.
കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 612.83 കോടി രൂപയില്‍ നിന്ന് 146.17 കോടിയായി കുത്തനെ ഇടിഞ്ഞു. വിറ്റുവരവ് 6,198.15 കോടി രൂപയില്‍ നിന്ന് 5,054.93 കോടി രൂപയുമായി. കഴിഞ്ഞ വര്‍ഷം റെക്കോഡ് ലാഭവും വിറ്റുവരവും കുറിച്ച സ്ഥാനത്താണ് ഇത്രയും ഭീമമായ വീഴ്ച. കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി ലാഭം നേടിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഫാക്‌ട്. 2021–22 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 353.28 കോടി രൂപയായിരുന്നു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ ഫാക്‌ട് 61.2 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 165.44 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 63 ശതമാനമാണ് ഇടിവ്. വിറ്റുവരവ് 2022–23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 1,300.73 കോടി രൂപയില്‍ നിന്ന് 18 ശതമാനം കുറഞ്ഞ് 1,061.82 കോടി രൂപയായി. ലാഭത്തിലും വിറ്റുവരവിലും കുറവ് രേഖപ്പെടുത്തിയ ഫാക്‌ട് ഓഹരികളുടെ മൂല്യവും കുറഞ്ഞു. 

ഓഹരിയൊന്നിന് 97 പൈസ വീതം 2023–24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതം നല്‍കാന്‍ ഫാക്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപകമ്പനിയായ പി കെ ഫെര്‍ട്ടിലൈസേഴ്‌സിന്റെ സബ്‌സിഡി പരിഷ്‌കരിച്ചതു വഴി കേന്ദ്ര രാസവളം വകുപ്പ് 63.07 കോടി രൂപ തിരികെ ഈടാക്കിയതാണ് ലാഭത്തെ ബാധിച്ചത്. കൂടാതെ 2010 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഒക്‌ടോബര്‍ നാല് വരെയുള്ള കാലയളവിലെ നാഫ്ത നഷ്ടപരിഹാരത്തിനായി മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 94.16 കോടിരൂപ താരിഫ് കമ്മീഷനായി നീക്കിയിരിപ്പും നടത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: The fact that it was in prof­it turned into a loss again

You may also like this video

Exit mobile version