Site iconSite icon Janayugom Online

ഉത്സവ സീസണെത്തി; ആനകൾക്ക് തിരക്കോടു തിരക്ക്

elephantelephant

ഉത്സവ സീസൺ തുടങ്ങിയതോടെ ആനകൾക്ക് തിരക്കോടു തിരക്ക്. ആനകളുടെ എഴുന്നള്ളിപ്പിനുള്ള ഏക്ക തുകയും കൂട്ടിയിട്ടുണ്ട്. പല ക്ഷേത്രങ്ങളിലും ഒരേ ദിവസങ്ങളിൽ തന്നെ ഉത്സവങ്ങൾ വരുന്നതോടെ തിരക്ക് വർധിച്ചു. ഒരിടത്ത് ഉത്സവം കഴിഞ്ഞാലുടൻ പാപ്പാൻമാർ ആനകളുമായി അടുത്ത സ്ഥലത്തേയ്ക്ക് പായുകയാണ്.
മേടം വരെയുള്ള അഞ്ചു മാസമാണ് ആനകൾക്ക് കൂടുതൽ തിരക്ക്. ഒരാനയ്ക്ക് 45 ദിവസം മുതൽ 70 ദിവസം വരെ സീസണിൽ എഴുന്നള്ളിപ്പുണ്ടാകും. ഈ സീസൺ കൊണ്ടാണ് അടുത്ത ഒരു വർഷത്തെ ആനയുടെ ചെലവ് വഹിക്കേണ്ടത്. ഉത്സവ സീസൺ കഴിഞ്ഞാൽ ആനകളെ വെറുതെ തളച്ചിടുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പരിശീലനം ലഭിച്ച നാട്ടാനകളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ എണ്ണംകുറഞ്ഞു. ഇതും ഉത്സവ സീസണുകളിലെ ആനകളുടെ ആവശ്യം വർധിക്കാൻ കാരണമായി.
കേരളത്തിൽ 400 ആനകൾക്ക് മാത്രമാണ് ഇപ്പോൾ എഴുന്നള്ളിക്കാൻ യോഗ്യത. സംസ്ഥാനത്തെ 70 ശതമാനം ആനകളും 40 വയസിന് മുകളിലുള്ളവയാണ്. ഉയരം, സൗന്ദര്യം, പ്രശസ്തി എന്നിവയ്ക്ക് അനുസരിച്ചാണ് ഏക്കത്തുക ലഭിക്കുന്നത്. സീസൺ സമയങ്ങളിൽ ആവശ്യം അനുസരിച്ച് 25,000 രൂപ മുതൽ ആറു ലക്ഷത്തിലധികം ഒരാനയ്ക്ക് ഏക്കം ലഭിക്കും. സീസൺ അല്ലാത്ത ദിവസങ്ങളിൽ 10,000 രൂപയ്ക്കും ആനകളെ എഴുന്നള്ളിക്കാറുണ്ട്. 

ആന ബിസിനസ് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇതു ലാഭം നോക്കി ചെയ്യുന്നതല്ല. ആനപ്രേമവും അന്തസുമാണ് അടിസ്ഥാനം. സംസ്ഥാനത്ത് പിടിയാനകൾക്ക് വേണ്ടത്ര സ്വീകാര്യതയില്ല. ചുരുക്കം ചില ദേവീക്ഷേത്രങ്ങളിൽ മാത്രമാണ് പിടിയാനകളെ എഴുന്നള്ളിപ്പിക്കുന്നത്. ഇവയെ തടിപിടിക്കാൻ കൊണ്ടുപോയിരുന്നെങ്കിലും ക്രെയിൻ എത്തിയതോടെ അവിടെയും വേണ്ടാതായി. കർക്കടകത്തിൽ ആനയ്ക്ക് സുഖചികിത്സയാണ്. പല ആനകളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സവാരിക്കും ഉപയോഗിക്കുന്നുണ്ട്. 

നാലുദിവസം തുടർച്ചയായി എഴുന്നള്ളത്ത് കഴിഞ്ഞാൽ ആനയ്ക്ക് ഒരുദിവസം പൂർണവിശ്രമം നൽകണം. 65 വയസിന് മുകളിലുള്ള ആനകളെ എഴുന്നള്ളിക്കാൻ പാടില്ല എന്നാണ് അധികൃതരുടെ നിർദേശം. ചൂടുള്ള സമയത്ത് ടാറിട്ട റോഡിലൂടെ നടത്തരുത്, 30 കിലോമീറ്ററിലധികം നടത്താൻ പാടില്ല, കൂടുതൽ ദൂരമുള്ള സ്ഥലത്തേക്കാണെങ്കിൽ ലോറിയിൽ വേണം എത്തിക്കാൻ എന്നിങ്ങനെയാണ് നിയമം. ആറുമണിക്കൂറിൽ കൂടുതൽ യാത്ര ചെയ്താൽ ആറ് മണിക്കൂർ വിശ്രമം നൽകണം തുടങ്ങിയ നിർദേശങ്ങളും ഉണ്ട്. എഴുന്നള്ളിക്കുന്നതിന് മുമ്പ് ആനയുടെ ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമായും നടത്തേണ്ടതാണ്. കൃത്യസമയത്ത് ആവശ്യത്തിന് വെള്ളം, പട്ട തുടങ്ങിയ ആഹാരം നൽകുന്നതിനൊപ്പം എഴുന്നള്ളിക്കുന്ന സമയത്ത് കൂടുതൽ ആനകളുണ്ടെങ്കിൽ നിശ്ചിത അകലം പാലിക്കണമെന്നും നിർദേശമുണ്ട്.

Eng­lish Sum­ma­ry: The fes­tive sea­son is here; Ele­phants are busy

You may also like this video

Exit mobile version