Site iconSite icon Janayugom Online

യുദ്ധവിമാന നിര്‍മ്മാണ രംഗത്തും സ്വകാര്യമേഖലയ്ക്ക് കളമൊരുങ്ങുന്നു

തന്ത്രപ്രധാനമായ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

രാജ്യത്തെ എല്ലാ മേഖലകളിലും സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാര്‍ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണ മേഖലയിലേക്കുകൂടി സ്വകാര്യ കമ്പനികള്‍ക്ക് കടന്നു വരാന്‍ അവസരം സൃഷ്ടിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുകയാണ്. മന്ത്രാലയം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സ്വകാര്യ മേഖലയുടെ കടന്നു വരവിനാണ് ഇത് വഴിവയ്ക്കുക. 

നിലവില്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണം നടത്തുന്നത്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ അപര്യാപ്തമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. യുദ്ധവിമാനങ്ങളും പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫും ഉള്‍പ്പെടുന്ന 44 സ്‌ക്വാഡ്രണുകള്‍ക്കാണ് വ്യോമസേനയ്ക്ക് അനുമതിയുള്ളത്. ഇതില്‍ നിലവിലുള്ളത് 32 സ്‌ക്വാഡ്രണുകള്‍ മാത്രം. യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയാലും അവ ലഭിക്കാനുള്ള കാലതാമസം കേന്ദ്ര നീക്കത്തിനു പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നു.

യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം ആഭ്യന്തര സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിരുന്നു. ബോയിങ്ങ്, സാബ്, ദസ്സോ തുടങ്ങിയ വിമാന നിര്‍മ്മാതാക്കളെ ഇന്ത്യന്‍ സ്വകാര്യ കമ്പനികളുമായി യോജിപ്പിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കുക (മെയ്ക്ക് ഇന്‍ ഇന്ത്യ) എന്ന നീക്കത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ആഗോള പ്രതിരോധ ആയുധ‑സംവിധാനങ്ങളുടെ മുഖ്യ ഉപഭോക്താവായിരുന്നു ഇന്ത്യ. ഈ മേഖലയിലെ ആഗോള വിപണിയില്‍ 11 ശതമാനം വാങ്ങിക്കൂട്ടിയത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഇന്ത്യയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിരോധ മേഖലയില്‍ ഇന്ത്യ കാലങ്ങളായി റഷ്യയെ ആശ്രയിച്ചിരുന്നെങ്കില്‍ ഇന്നത് ഫ്രാന്‍സ്, അമേരിക്ക, യു കെ, ഇസ്രയേല്‍, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മാറി. രാജ്യത്തെ യുദ്ധവിമാനങ്ങള്‍ കാലഹരണപ്പെടുന്നത് ഒഴിവാക്കാനും 35–40 യുദ്ധവിമാനങ്ങള്‍ വീതം പ്രതിവര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാക്കാനും സ്വകാര്യ മേഖലയുടെ പിന്തുണ വേണമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച വൈകിയാണ് സമിതി ശുപാര്‍ശകള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കൈമാറിയത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ സമയബന്ധിതമായ തുടര്‍ നടപടികള്‍ വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version