Site iconSite icon Janayugom Online

സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം സമ്പൂര്‍ണ വിജയം

ടെക്‌സാസ്: ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണം സ്പേസ് എക്സ് വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം ലോഞ്ച് പാഡില്‍ തയ്യാറാക്കിയിരുന്ന ഭാഗത്തേക്ക് വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിപ്പിച്ചാണ് സ്പേസ് എക്സ് ചരിത്രമെഴുതിയത്. ഇത്രയും വലിയ റോക്കറ്റ് ഭാഗം വിജയകരമായി തിരിച്ചിറക്കുന്നത് ആദ്യമായാണ്.

വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന തരത്തില്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ള സൂപ്പര്‍ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് സ്റ്റാര്‍ഷിപ്പ്. ടെക്‌സാസിലെ ബ്രൗണ്‍സ്‌വില്ലിലെ ലോഞ്ച് പാഡില്‍ നിന്നാണ് അ‌‌ഞ്ചാം പരീക്ഷണ സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്. വിജയകരമായി വേര്‍പെട്ട ശേഷം രണ്ടാംഘട്ടത്തെ അനായാസം ബഹിരാകാശത്തേക്ക് അയച്ച് റോക്കറ്റിന്റെ ഒന്നാം ഭാഗം അഥവാ ബൂസ്റ്റര്‍ തിരികെ ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രിത ലാന്‍ഡിങ് നടത്തി. റോക്കറ്റ് ഭാ​ഗം, സ്റ്റാർഷിപ്പ് സ്പേസ്‍ ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനുള്ളത്. നാലാം പരീക്ഷണ വിക്ഷേപണത്തിൽ ദൗത്യ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ഇരുഭാഗങ്ങളും കടലിൽ ഇറക്കാൻ സ്പേസ് എക്സിനായിരുന്നു.

Exit mobile version