Site iconSite icon Janayugom Online

തിരുവിതാംകൂറിലെ ആദ്യ ട്രേഡ് യൂണിയന് നൂറ് വയസ്

ആലപ്പുഴയിലെ ആദ്യ തൊഴിലാളി യൂണിയനായ ലേബർ യൂണിയൻ രൂപീകരിച്ചത് 1922 മാർച്ച് 31 നാണ്. ഇന്ന് അതിന്റെ നൂറാം വാർഷികമാണ്.

1859ലാണ് ആദ്യത്തെ ഡാറാ സ്മെയിൽ എന്ന കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിക്കുന്നത്. ബ്രിട്ടീഷുകാരായിരുന്നു ഇതിന് പിന്നിൽ. പിന്നീട് ബോംബെ കമ്പനി, ആസ്പിൻ വാൾ, വോൾക്കാട്ട് ബ്രദേഴ്സ്, വില്യം ഗുഡേക്കർ, എമ്പയർ കയർ വർക്സ് കമ്പനി, തോമസ് ഡിക്രൂസ് കമ്പനി തുടങ്ങിയ നിരവധി ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ഇത്തരം ഫാക്ടറികളിൽ തൊഴിലാളികൾ ചെയ്യുന്ന ജോലികൾക്ക് മേൽനോട്ടം വഹിച്ചിരുന്നവരെ വിളിച്ചിരുന്നത് “മൂപ്പൻ” (സൂപ്പർവൈസർ) എന്നായിരുന്നു. എമ്പയർ കയർ വർക്സിൽ മൂപ്പനായിരുന്നു വാടപ്പുറം ബാവ. ആലപ്പുഴ മംഗലം പുന്നചുവട്ടിൽ കൃഷ്ണന്റെയും നീലിയുടെയും മകനായ അദ്ദേഹം 1884 മാർച്ച് രണ്ടിനാണ് ജനിച്ചത്. പിതാവിന്റെ മരണത്തെ തുടർന്ന് പതിനെട്ടാമത്തെ വയസിൽ കയർ ഫാക്ടറിയിൽ അദ്ദേഹം ജോലിക്ക് കയറുകയായിരുന്നു.

അൻപതിനായിരത്തോളം തൊഴിലാളികൾ ആലപ്പുഴയിലെ കയർ ഫാക്ടറികളിൽ പണിയെടുത്തിരുന്നു. തൊഴിൽ സമയത്തിന് വ്യവസ്ഥയുണ്ടായിരുന്നില്ല. അതി രാവിലെ മുതൽ വൈകുന്നത് വരെ ജോലിയെടുക്കണം. വീട്ടിലെത്തിയാൽ വെളുപ്പിന് കുടികിടപ്പുകാരനായ തൊഴിലാളി ജന്മിയുടെ തെങ്ങുനനയ്ക്കണം. കുളത്തിൽ നിന്നും മൺകുടത്തിൽ വെള്ളം കോരി തെങ്ങ് നനച്ചതിന് ശേഷമാണ് രാവിലെ തന്നെ ഫാക്ടറിയിൽ എത്തുന്നത്. ഫാക്ടറിയിൽ കങ്കാണിയും മൂപ്പനും മേസ്ത്രിയും പറയുന്നതെല്ലാം അനുസരിക്കണം. അനുസരണക്കേട് കാണിച്ചാൽ ശിക്ഷ കടുത്തതാകും. കൂലി കിട്ടുന്ന ദിവസം ”മൂപ്പ് കാശ് ”എന്ന പേരിൽ മൂപ്പന്മാർക്ക് വിഹിതം നൽകണം. അത് നൽകിയേ മതിയാകു. തൊഴിലാളി മെച്ചപ്പെട്ട വസ്ത്രം ധരിക്കുവാൻ പാടില്ല. തൊഴിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ പിഴവുകൾക്ക് വലിയ പിഴയും ശാരീരിക പീഡനവും ഉറപ്പ്. തൊഴിലാളികൾ അനുഭവിക്കുന്ന ഈ ദുരിതങ്ങൾ ശ്രീനാരായണ ഗുരുവിനെ വാടപ്പുറം ബാവ ബോധ്യപ്പെടുത്തി, ഗുരുവിന്റെ ഉപദേശം ഇതായിരുന്നു. ”തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയിൽ അവർ കരുത്തുള്ളവരും സ്വതന്ത്രരും ആകട്ടെ”. ആശയം ആലപ്പുഴയിലെ പൗരപ്രമുഖരുമായി ബാവ ചർച്ച ചെയ്തു. തുടർന്നാണ് 1922 ൽ ലേബർ യൂണിയൻ രൂപംകൊണ്ടത്. വാടപ്പുറം ബാവയായിരുന്നു സ്ഥാപക ജനറല്‍ സെക്രട്ടറി. അഡ്വ. പി കെ മുഹമ്മദായിരുന്നു അധ്യക്ഷൻ. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സ്വാമി സത്യവ്രതൻ മുഖ്യാതിഥിയായി പങ്കെടുത്തു.


ഇതുകൂടി വായിക്കൂ:   കമ്മ്യൂണിസ്റ്റ് കർമ്മയോഗി


തിരുവിതാംകൂറിലാകെ പ്രവർത്തിക്കുന്നതിനായി ഈ സംഘടനയുടെ പേര് പിന്നീട് തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്നാക്കി മാറ്റി. ആദ്യഘട്ടത്തിൽ തൊഴിലാളികളിൽ നിന്നും ചെറിയ തുക സംഭരിച്ച് ചികിത്സാ സഹായം നൽകുക, വായനശാലകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പിന്നീട് സാമൂഹ്യ പുരോഗതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും ഈ അസോസിയേഷൻ മുന്നോട്ട് വച്ചു. തിരുവിതാംകൂർ ലേബർ അസോസിയേഷൻ വായനശാലയും വാടകക്കെട്ടിടത്തിൽ ആശുപത്രിയും സ്ഥാപിച്ചു. ഇവർ അംഗങ്ങളുടെ വീടുകളിൽ മരണം ഉണ്ടായാൽ സഹായിക്കുന്നതിന് മരണഫണ്ടും രൂപീകരിച്ചു.

പ്രശസ്തമായ വൈക്കം സത്യഗ്രഹത്തിന് 50 പേരെ ഈ യൂണിയൻ പങ്കെടുപ്പിച്ചതിലൂടെ അന്ന് നിലനിന്നിരുന്ന സാമൂഹ്യ അനാചാരങ്ങൾക്കെതിരെയുള്ള ശക്തമായ നിലപാടും വ്യക്തമാക്കി. നിയമസഭയിലും പ്രജാസഭയിലും പ്രാതിനിധ്യം അനുവദിക്കുക, അയിത്തോച്ചാടനത്തിന് രാജകീയ വിളംബരം നടത്തുക, പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കുക, ഫാക്ടറികളിൽ വൈദ്യ പരിശോധനയ്ക്ക് ഏർപ്പാട് ചെയ്യുക, വൃദ്ധർക്കും തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും സഹായം നൽകുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുക, പ്രായപൂർത്തി വോട്ടവകാശം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്ന് ഉന്നയിച്ചത്. തൊഴിലാളി എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായ ഇ വി രാമസ്വാമി നായ്ക്കർ (തമിഴ്‌നാട്) പിന്നീട് രാഷ്ട്രപതിയായ വി വി ഗിരി ഉൾപ്പെടെയുള്ള പ്രമുഖർ അന്നത്തെ വിവിധ വാർഷിക സമ്മേളനങ്ങളിൽ മുഖ്യാതിഥികളായിരുന്നു.

ബോംബെ കമ്പനി എന്ന കയർ ഫാക്ടറിയിലെ തൊഴിലാളികൾ നൂറു തടുക്കിന് 80 ചക്രം കൂലി ആവശ്യപ്പെട്ടുകൊണ്ട് 1931 ൽ നടത്തിയ പണിമുടക്കായിരുന്നു ആദ്യത്തെ സമരം. വേണ്ടത്ര വിജയം നേടാനാകാതെയാണ് ഈ സമരം അവസാനിച്ചത്. തങ്ങളുടെ അവശതകൾ ഉൾക്കൊള്ളുന്ന നിവേദനം തിരുവനന്തപുരത്ത് എത്തി രാജാവിന് സമർപ്പിക്കുന്നതിന് കൊല്ലം ജോസഫ് ലീഡറായി 50 പേരടങ്ങുന്ന ജാഥാ സംഘത്തെ നിശ്ചയിച്ചു. ജാഥ നിരോധിക്കപ്പെട്ടു. കൊല്ലം ജോസഫ്, കെ സി ഗോവിന്ദൻ, വി കെ പുരുഷോത്തമൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കി. 12-ാമത് വാർഷിക സമ്മേളനം ആർ സുഗതനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതിന് മുൻപ് പി കേശവദേവായിരുന്നു ജനറൽ സെക്രട്ടറി. പൊതുപണിമുടക്ക് ആഹ്വാനത്തെ തുടർന്ന് ആർ സുഗതൻ, പി കെ കുഞ്ഞ്, പി എൻ കൃഷ്ണപിള്ള, വി കെ പുരുഷോത്തമൻ, സി കെ വേലായുധൻ എന്നിവർ അറസ്റ്റിലായി. നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. അന്നു നടന്ന ലാത്തിച്ചാർജിൽ ബാവ (ഗരുഡൻ ബാവ) എന്ന തൊഴിലാളി രക്തസാക്ഷിയായി. ആലപ്പുഴയിലെ തൊഴിലാളി സമരത്തിലെ ആദ്യ രക്തസാക്ഷിയാണ് ബാവ. സംഭവം അന്വേഷിക്കുവാൻ പി കൃഷ്ണപിള്ള ഇവിടെയെത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കെ ദാമോദരനും കെ കെ വാര്യരും ആലപ്പുഴയിലെത്തി. പ്രശ്നങ്ങളിൽ ഇടപെട്ട ഇവർ തൊഴിലാളികളിൽ രാഷ്ട്രീയബോധം പകർന്നു.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഭാവിയിലേക്കുള്ള വഴികൾ


1937 ൽ വീണ്ടും പൊതുപണിമുടക്ക് ആഹ്വാനം ചെയ്തതിനെ തുടർന്ന് ആർ സുഗതൻ അറസ്റ്റിലായി. ചില നിയമ നിർമ്മാണങ്ങൾ നടത്താതെ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയായി. അങ്ങനെയാണ് ഫാക്ടറീസ് ആക്ട്, ട്രേഡ് ഡിസ്പ്യൂട്ട് ആക്ട്, വർക്ക്മെൻ കോമ്പൻസേഷൻ ആക്ട്, ട്രേഡ് യൂണിയൻ ആക്ട് എന്നിവ പാസാക്കിയത്. ഈ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം തിരുവിതാംകൂറിൽ 1938 ൽ (1113 കർക്കിടകം ഒമ്പത്) ഒന്നാം നമ്പരായി തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്തു. പിന്നീട് ചേർത്തല, മുഹമ്മ എന്നിവിടങ്ങളിലും കയർ ഫാക്ടറി യൂണിയനുകൾ രജിസ്റ്റർ ചെയ്തു. ഈ യൂണിയനെ വിപ്ലവ ട്രേഡ് യൂണിയനായി മാറ്റിയെടുക്കുന്നതിൽ പി കൃഷ്ണപിള്ള വലിയ പങ്കു വഹിച്ചു.

1938 ഒക്ടോബർ 22ന് രാജാവിന്റെ ജന്മദിനത്തിൽ അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ രാജധാനിയിലേക്ക് നടന്ന മാർച്ചിൽ ഈ യൂണിയനിൽ നിന്നും 24 ചുവപ്പ് വോളന്റിയറന്മാർ അണിനിരന്നു. ഇതിന്റെ ഫലമായി രാഷ്ട്രീയ തടവുകാരെ വിട്ടയച്ചെങ്കിലും തൊഴിലാളികൾക്കെതിരെ ആക്രമണം തുടർന്നു. കലവൂരിൽ നിന്നുള്ള തൊഴിലാളി ജാഥ ശവക്കോട്ട പാലത്തിലെത്തിയപ്പോൾ പൊലീസ് നടത്തിയ വെടിവയ്പിൽ മൂന്നു പേർ മരിച്ചു. ജയിൽമോചിതരായ എകെജിയും കെ ദാമോദരനും ഇവിടെയെത്തി തൊഴിലാളി സമരത്തെ സഹായിച്ചു. സമരം ശക്തിപ്പെട്ട നാളുകളിൽ അതിനെതിരെ കരിങ്കാലികളും രംഗത്തെത്തി. ഇവരെ പിക്കറ്റു ചെയ്യുവാൻ പി കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കെ കെ വാര്യർ, സി ഒ മാത്യു, പി എ സോളമൻ, കെ വി പത്രോസ് എന്നിവർ ലീഡർമാരായി പ്രത്യേക വോളന്റിയർ സംഘം പ്രവർത്തിച്ചു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ എം എൻ ഗോവിന്ദൻ നായർക്ക് ആലപ്പുഴയുമായി ആദ്യം മുതൽ തന്നെ ബന്ധമുണ്ടായിരുന്നു. ക്ഷാമകാലത്ത് കയർ ഫാക്ടറി തൊഴിലാളികൾക്കായി പ്രത്യേക റേഷൻ നൽകാമെന്ന് സി പി വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം സ്വീകരിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേക റേഷൻ നൽകണമെന്ന് യൂണിയനും പ്രതികരിച്ചു. ഈ ഘട്ടത്തിൽ നടന്ന വിജയിച്ച സമരമാണ് സെലീറ്റാ സമരം. യുദ്ധാവശ്യത്തിനുവേണ്ടി കയർ ഉപയോഗിച്ച് സെലീറ്റ, വാൾബാഗ് എന്നിവ നിർമ്മിച്ചപ്പോൾ യൂണിയൻ കൂലി കൂടുതൽ ആവശ്യപ്പെട്ടു. മുതലാളിമാർ എതിർത്തു. പിന്നീട് സമരം വിജയിച്ചു. ഇതിലൂടെയാണ് ഭൂതകാല വേതനം ആദ്യം നേടിയെടുത്തത്. സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട നാളുകളായിരുന്നു പിന്നീട്. തൊഴിലാളി വർഗത്തെ രാഷ്ട്രീയ സമരത്തിൽ നിന്ന് പിന്മാറ്റുവാൻ സി പി നിരന്തരം ശ്രമിച്ചു. 1946 ൽ ത്രികക്ഷി സമ്മേളനത്തിൽ ബോണസ് പ്രഖ്യാപനം ഉണ്ടായി. ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും നാല് ശതമാനം ബോണസ് എന്ന പ്രഖ്യാപനം വന്നത് തൊഴിലാളി പ്രക്ഷോഭത്തിന്റെ ഫലമായിട്ടായിരുന്നു. 1946 സെപ്തംബർ 15 ന് നടന്ന മറ്റൊരു പൊതുപണിമുടക്ക് സർ സി പിയെ ഞെട്ടിച്ചു.


ഇതുകൂടി വായിക്കൂ:   കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം


ട്രേഡ് യൂണിയൻ നിയമം വന്നതിനു ശേഷം രജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയനുകളുടെ കേന്ദ്ര സംഘടനയായി അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് (എടിടിയുസി) ഈ ഘട്ടത്തിൽ നിലവിൽ വന്നിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വാർഷികത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത എടിടിയുസി സമ്മേളനം ടി വി തോമസിനെ പ്രസിഡന്റായും ആർ സുഗതനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 55 യൂണിയനുകളുടെ 83 പ്രതിനിധികൾ പങ്കെടുത്തു. ഈ സമ്മേളനം അനിശ്ചിതകാല പണിമുടക്കിനുള്ള തയാറെടുപ്പുകൾ നടത്തി. കൊല്ലത്ത് എൻ ശ്രീകണ്ഠൻ നായരും ടി കെ ദിവാകരനും നയിച്ച യൂണിയനുകളും എടിടിയുസിയിലായിരുന്നു. ഒന്നിലധികം യോഗങ്ങൾക്കു ശേഷം 1946 ഒക്ടോബറിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിനു മുമ്പ് നേതാക്കൾ സർ സി പിയുമായി നടത്തിയ ചർച്ചയിൽ രാഷ്ട്രീയ ആവശ്യങ്ങൾ ഒഴികെയുള്ള സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സി പി പറഞ്ഞു. രാഷ്ട്രീയ ആവശ്യങ്ങളിലാണ് തങ്ങൾ ഉറച്ചു നിൽക്കുന്നതെന്ന് നേതാക്കളും പറഞ്ഞു. 8000 പൊലീസിന്റെയും 4000 പട്ടാളക്കാരുടെയും മേധാവിയാണ് താനെന്ന് സി പി ഭീഷണിപ്പെടുത്തി. എങ്കിൽ നമുക്ക് കാണാമെന്ന് ടി വിയും പ്രതികരിച്ചു.

പണിമുടക്കിയ തൊഴിലാളികൾ നടത്തിയ ജാഥക്കുനേരെ തിരുവാമ്പാടിയിൽ വച്ച് വെടിവച്ചു. പുന്നപ്രയിൽ വെടിവയ്പും പൊലീസ് ക്യാമ്പ് ആക്രമണവും നടന്നു. കാട്ടൂർ, മാരാരിക്കുളം, ഒളതല, മേനാശ്ശേരി എന്നിവിടങ്ങളിലും തൊഴിലാളികളെ വെടിവച്ചുകൊന്നു. വയലാർ ക്യാമ്പ് വളഞ്ഞ് നരനായാട്ട് നടത്തുവാൻ പട്ടാളമെത്തിയത് ബോട്ടിലൂടെയായിരുന്നു. സി കെ കുമാരപ്പണിക്കരായിരുന്നു ഇവിടെ സമരം നയിച്ചത്. കയർ ഫാക്ടറി തൊഴിലാളികൾക്കൊപ്പം കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സമരത്തിൽ ശക്തമായി പങ്കെടുത്തു. ടി വി ഉൾപ്പെടെയുള്ള ഒട്ടനേകം നേതാക്കൾ അറസ്റ്റിലായി. ഇതിനിടെ ദിവാൻ ഭരണം അവസാനിച്ചു. അമേരിക്കൻ മോഡൽ ഉപേക്ഷിക്കപ്പെട്ടു. വെട്ടുകൊണ്ട് സി പി നാടുവിട്ടു. പ്രായപൂർത്തി വോട്ടവകാശം ലഭിച്ചു. താൻ കുഴിച്ചുമൂടിയെന്ന് സി പി പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റു പാർട്ടി പത്തു വർഷം പിന്നിട്ടപ്പോൾ കേരളത്തിൽ അധികാരത്തിലേറി. പട്ടിണിക്കാരായ തൊഴിലാളികളിൽ ഉന്നതമായ രാഷ്ട്രീയ ബോധം പകർന്നു നൽകിയ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ നാടിന്റെ ചരിത്രത്തിൽ ഇങ്ങനെയാണ് പ്രധാന പങ്കുവഹിച്ചത്.

Exit mobile version