Site iconSite icon Janayugom Online

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

ജാതി വിവേചനത്തിനെതിരെ അതിശക്തമായ പോരാട്ടത്തിന് വേദിയായ ഇരിങ്ങാലക്കുടയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരും.
എടത്തിരിഞ്ഞിയിലെ വി വി രാമൻ സ്മൃതി മണ്ഡപത്തിൽനിന്നും കൊടിമരം, അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക, പരിയാരം കർഷക സമര കേന്ദ്രത്തിൽ നിന്നും ബാനർ എന്നിവയുമായി പുറപ്പെടുന്ന ജാഥകള്‍ വൈകിട്ട് നാലിന് കുട്ടംകുളം പരിസരത്ത് സംഗമിക്കും. തുടര്‍ന്ന് റെഡ് വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ആരംഭിക്കും. വോളണ്ടിയര്‍മാരും പാര്‍ട്ടി അംഗങ്ങളും ബഹുജനങ്ങളുമുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുക്കും. 

ജാഥാ ക്യാപ്റ്റന്മാരായ ടി പ്രദീപ് കുമാറിൽ നിന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ടി കെ സുധീഷ് കൊടിമരവും കെ പി സന്ദീപിൽ നിന്നും പതാക ടി ആർ രമേഷ് കുമാറും കെ എസ് ജയയിൽ നിന്ന് ബാനർ കെ ജി ശിവാനന്ദനും ഏറ്റുവാങ്ങും. മുതിർന്ന നേതാവ് കെ ശ്രീകുമാർ പതാക ഉയർത്തും. അഞ്ചിന് കാനം രാജേന്ദ്രന്‍ നഗറില്‍ (അയ്യങ്കാവ് മൈതാനം) പൊതുസമ്മേളനം ദേശീയ കൗണ്‍സില്‍ അംഗവും റവന്യു മന്ത്രിയുമായ കെ രാജന്‍ ഉദ്ഘാടനം ചെയ്യും.
നാളെ മുതല്‍ 13 വരെ പ്രതിനിധി സമ്മേളനം നടക്കും. 

നാളെ രാവിലെ 10ന് പി കെ ചാത്തന്‍ മാസ്റ്റര്‍ നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗം സി എന്‍ ജയദേവന്‍ പതാക ഉയര്‍ത്തും. നേതാക്കളായ കെ പി രാജേന്ദ്രന്‍, പി പി സുനീര്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, സത്യന്‍ മൊകേരി, രാജാജി മാത്യു തോമസ്, മുല്ലക്കര രത്നാകരന്‍, എന്‍ രാജന്‍, സി എന്‍ ജയദേവന്‍ തുടങ്ങിയവര്‍ സംസാരിക്കും. 13ന് വൈകിട്ട് സമാപിക്കും. 

Exit mobile version