ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടി വച്ചു പിടിക്കുന്ന ദൗത്യം 29-ാം തീയതി വരെ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.
ഇതു സംബന്ധിച്ച് കോട്ടയം വനം സി സിഎഫ് ഓഫീസിൽ ചേർന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാൽ കോളനി പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൂടുതൽ നടപടികൾ സ്വീകരിക്കും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാന്‍ ക്രമീകരണം നടത്തിക്കഴിഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കുന്നതിന് സർക്കാർ ബാധ്യസ്ഥമാണ്. 29ന് കേസില്‍ വാദം കേൾക്കുന്ന ഘട്ടത്തിൽ കാര്യത്തിന്റെ ഗൗരവം കോടതിയെ ധരിപ്പിച്ചു തുടർ നടപടികൾ സ്വീകരിക്കും. ഇതിനായി ആവശ്യമായ എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കും. ആനയെ മയക്കുവെടി വച്ച് പിടികൂടുന്ന നടപടികൾ മാത്രമാണ് നിർത്തിവച്ചിട്ടുള്ളത്. രണ്ടു കുങ്കിയാനകൾ കൂടി ഇന്നെത്തും. മറ്റ് ക്രമീകരണങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ചർച്ചയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, മുഖ്യ വനംമേധാവി ബെന്നിച്ചൻ തോമസ്, ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവ. പ്ലീഡർ അഡ്വ. നാഗരാജ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്, പിസിസിഎഫ് ജയപ്രസാദ്, എപിസിസിഎഫ് ഡോ. പി പുകഴേന്തി എന്നിവരും പങ്കെടുത്തു.
അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനുള്ള വനംവകുപ്പ് ഉത്തരവ് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് സംഘടനകള്‍ ഹര്‍ജി നല്‍കിയത്. ആനയെ കോടനാട് പാർപ്പിക്കരുതെന്നും കാട്ടിൽ തുറന്നുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പ്രത്യേക സിറ്റിങ്ങിൽ അരിക്കൊമ്പനെ പിടികൂടുന്നത് ഹൈക്കോടതി 29 വരെ വിലക്കുകയായിരുന്നു. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പീപ്പിൾ ഫോർ ആനിമൽസ്, തൃശൂർ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ ആഡ്വകസി എന്നീ സംഘടനകൾ നൽകിയ ഹർജികളാണ് പ്രത്യേക സിറ്റിങ് നടത്തി അടിയന്തരമായി പരിഗണിച്ചത്. വന്യമൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഇത് ആദ്യമായാണ് ഹൈക്കോടതി രാത്രിയിൽ പ്രത്യേക സിറ്റിങ് നടത്തുന്നത്.
അതേസമയം ആന ജനവാസ മേഖലയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വനപാലകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ വനപാലകരെ നിയോഗിക്കണം. ആനയെ നിരീക്ഷിക്കുന്നതും ആനയെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങളും തുടരാം. ഇതോടൊപ്പം തന്നെ ബദൽ മാർഗങ്ങളും തേടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
English Summary: The Forest Minister will continue the Arikomban mission
You may also like this video