രാജ്യത്ത് ആശങ്ക സൃഷ്ടിച്ച് വീണ്ടും കോവിഡ് വ്യാപനം. രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് ആരോഗ്യരംഗം.
കോവിഡ് കേസുകളില്‍ ഒരിടവേളയ്ക്ക് ശേഷമുണ്ടായ വര്‍ധനയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4, ബിഎ.5 എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ പുതിയ തരംഗത്തിന് കാരണമായതാണ് ഈ വകഭേദങ്ങള്‍. ജൂലൈയില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം രൂക്ഷമായേക്കുമെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധരും പ്രവചിക്കുന്നു.
വ്യാപനത്തില്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗം ജനങ്ങളും വാക്‌സിനേഷന്‍ എടുത്തവരോ അണുബാധയേറ്റവരോ ആയതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വൈറോളജിസ്റ്റുകളും വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,962 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തി.
കോവിഡ് വര്‍ധിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പ്രതിരോധനടപടികള്‍ ശക്തമാക്കാന്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിയിരുന്നു. തമിഴ്‌നാട്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിമാനത്താവളങ്ങളിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
മഹാരാഷ്ട്രയില്‍ വ്യാപനം രൂക്ഷമായതോടെ പൊതു സ്ഥലങ്ങളില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി. ഫെബ്രുവരിക്കു ശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബോംബെ ഐഐടി കോവിഡ് ക്ലസ്റ്ററായി മാറിയിട്ടുണ്ട്. ഇവിടെ 30 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 84 ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നിരുന്നു.
English Summary:The fourth wave in July? Variations Concern
You may also like this video