ഇന്ത്യന്‍ സ്വതന്ത്ര്യത്തിന് മുക്കാല്‍ പതിറ്റാണ്ട് പ്രായമായിരിക്കുന്നു. ഇതിനിടെ ഇന്നലെ വായിച്ച പി കെ പാറക്കടവിന്റെ ഒരു കുഞ്ഞുകവിതയ്ക്ക് വല്ലാത്ത പ്രതീകഭംഗി തോന്നി. ‘വീട്ടുകാരന്‍ കൂട്ടിലെ തന്റെ വളര്‍ത്തുകിളിയെ പുറത്തെടുത്ത് താലോലിച്ച് വീടിന്റെ ബാല്‍ക്കണിയിലേക്ക് പോകുന്നു. നീലാകാശം ചൂണ്ടിക്കാട്ടി അയാള്‍ കിളിയോടു പറയുന്നു. ഇതാ നിനക്കു പറക്കാനുള്ള വിഹായസ്. എന്നിട്ടയാള്‍ കിളിയുടെ ചിറകുകളരിഞ്ഞ് ആകാശത്തേക്ക് പറത്തുന്നു. ചിറകറ്റ കിളി അയാളുടെ ദേഹത്തേക്ക് വീണു. കൂര്‍ത്തുമൂര്‍ത്ത ചുണ്ടുകള്‍കൊണ്ട് കിളി അയാളുടെ ദേഹത്ത് കോറിയിട്ടു. സ്വാതന്ത്ര്യം വെറുമൊരു വാക്കല്ല, അതു ചോര കിനിയുന്ന സത്യമാണ്. ആ ചിറകരിഞ്ഞ സ്വാതന്ത്ര്യമല്ലേ നാമിന്ന് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നവരുടെ അനര്‍ഹതയെക്കുറിച്ച് മറ്റൊരു ഗദ്യകവിതയും ഇന്നലെ വായിച്ചു. ‘വെടിയുണ്ടകളേറ്റ് തുള വീണ നെഞ്ചുകളിലേക്ക് ചവിട്ടുന്ന ഷൂസുകളില്‍ നാവുകളുടെ അടയാളമുള്ളവരാണ് സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്ക് ക്ലാസെടുക്കുന്നത്. ഈ സ്വാതന്ത്ര്യദിനത്തില്‍ എന്തൊക്കെ കോലാഹലങ്ങളാണ്. എല്ലാ വീടുകളിലും ദേശീയപതാകകള്‍ പാറിക്കണം. വീടില്ലാത്തവര്‍ക്ക് തെരുവുകളിലെ ചാളകളിലും പതാക ഉയര്‍ത്താം. പതാക ഉയര്‍ത്താത്തവരുടെ വീടുകളുടെ ചിത്രമെടുത്ത് അവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കണമെന്ന് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്റെ ഇണ്ടാസ്.
ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല
മോഡിയുടെയും യോഗിയുടെയും യുപിയിലാണെങ്കില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പൊടിപൂരം. റേഷന്‍ നല്കണമെങ്കില്‍ ഒരു ദേശീയപതാക കൂടി ഇരുപത് രൂപ നല്കി വാങ്ങണം. സ്വാതന്ത്ര്യത്തിനും 20 രൂപ വിലയിടുന്ന ദേശസ്നേഹികള്‍. ഭാരതീയര്‍ ഹൃദയത്തിലേറ്റിയ പതാക ഒരു കച്ചവടച്ചരക്കാക്കുന്നത് ലജ്ജാകരമാണെന്ന് പരസ്യമായി പറയുന്നത് മറ്റാരുമല്ല, നെഹ്രുവിന്റെ കൊച്ചുമോനും ബിജെപി നേതാവുമായ വരുണ്‍ഗാന്ധി. ഇരുപത് രൂപയ്ക്ക് ഒരു നുള്ളു സ്വാതന്ത്ര്യം. ബഹിരാകാശ സഞ്ചാരം നടത്തിക്കൊണ്ടിരുന്ന രാകേഷ് ശര്‍മ്മയോട് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചോദിച്ചു; ഭൂമിയെപ്പറ്റി ഇപ്പോള്‍ എന്തുതോന്നുന്നു? രാകേഷ് ആവേശപൂര്‍വം പാടി ‘സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര.’ ആ ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യമാണ് ചിറകരിയപ്പെട്ട് ഇന്ന് വിലപിക്കുന്നത്,’ വിട്ടയയ്ക്കുക കൂട്ടില്‍ നിന്നെന്നെ ഞാന്‍ ഒട്ടുവാനില്‍ പറന്നുനടക്കട്ടെ.’
മറ്റു രണ്ട് വാര്‍ത്തകള്‍ നമ്മുടെ സ്വാതന്ത്ര്യം ആര്‍ക്കുവേണ്ടിയെന്ന രണ്ട് വിപരീതധ്രുവങ്ങളും കാട്ടിത്തരുന്നു. ഇന്ത്യയിലെ മഹാകോടീശ്വരനായ രാകേഷ് ജുന്‍ജൂന്‍വാല ഇന്നലെ അന്തരിച്ചു. വെറും അഞ്ഞൂറ് രൂപയുമായി ഊഹക്കച്ചവടത്തിനിറങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് ഹിന്ദുസ്ഥാന്റെ ആകാശവും ഭൂമിയും കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ആകാശ് എയര്‍വേയ്സിന്റെ ഉടമ. ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. 41,000 കോടി രൂപയുടെ സമ്പത്ത് ആര്‍ജിച്ചയാള്‍. എല്ലാം എട്ടു വര്‍ഷത്തെ മോഡി ഭരണത്തിന്റെ ചിറകിന്‍കീഴില്‍ പടുത്തുയര്‍ത്തിയ മഹാസാമ്രാജ്യം. ജുന്‍ജുന്‍വാലയുടെ വേര്‍പാടില്‍ മോഡിവക അനുശോചനത്തിന്റെ കണ്ണീര്‍ പ്രവാഹമായിരുന്നു! സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ പതിറ്റാണ്ടു തികയുന്ന ദിനം രാജസ്ഥാനിലെ ജലോറില്‍ നിന്ന് മറ്റൊരു വാര്‍ത്തയുമെത്തുന്നു. സ്കൂളില്‍ ദാഹിച്ചുവലഞ്ഞ പിഞ്ചു ദളിത് ബാലന്‍ അധ്യാപകനു കുടിക്കാനുള്ള വെള്ളത്തില്‍ നിന്നും ഒരിറ്റു ദാഹജലം കുടിക്കുന്നു. ഇതുകണ്ട സവര്‍ണനായ അധ്യാപകന്‍ ആ കിടാവിനെ മൃഗീയമായി മര്‍ദ്ദിക്കുന്നു, പിന്നീട് മരിക്കുന്നു. ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയതുകൊണ്ടാകാം ഈ ദളിത് കുഞ്ഞിന്റെ അരുംകൊലയില്‍ മോഡി ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താത്തത്. ആ കുട്ടിയോടും മോഡി പറയുന്നു; സ്വാതന്ത്ര്യം തന്നെയമൃതം. ആ കുഞ്ഞിന്റെ ആത്മാവ് പറയുന്നുണ്ടാവും, എന്റെ നേരില്ലാത്തീശ്വരന്മാരെ എനിക്ക് മരണം തന്നെ സ്വാതന്ത്ര്യം…
മറ്റു ചില വാക്കുകളും ഇത്തരുണത്തില്‍ ഓര്‍ത്തുപോവുന്നു. വാക്കുകള്‍ ഭാണ്ഡങ്ങളായി വഴിയിലൂടെ കൊണ്ടുപോകുമ്പോള്‍ സുഷിരങ്ങളിലൂടെ ചെറിയ ചില വാക്കുകളുടെ വിത്തുകള്‍ പുറത്തുവീഴുന്നു. ആ വിത്തുകള്‍ മുളച്ച് പൊന്തി മഹാവൃക്ഷങ്ങളാവുന്നു. ആ മഹാവൃക്ഷങ്ങളുടെ ഓരോ ഇലയും കാറ്റിലിളകി മന്ത്രിക്കും, ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ മരിച്ചാലും നികുതി. ശ്മശാനങ്ങളെയും മോര്‍ച്ചറികളെയും ശവസംസ്കാരച്ചെലവുകളെയും തല്ക്കാലം ജിഎസ്‌ടിയുടെ പരിധിയില്‍ കൊണ്ടുവരില്ലെന്നാണ് നമ്മുടെ പ്രിയങ്കരിയായ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അക്കാള്‍ കാരുണ്യപൂര്‍വം പറയുന്നത്. എന്നാല്‍ പുതിയ ശ്മശാനങ്ങള്‍ക്കും അവിടെ നടക്കുന്ന സംസ്കാരങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുമത്രേ. മൃതദേഹങ്ങള്‍ പൊതിഞ്ഞുകെട്ടിയാല്‍ ‘പാക്ക്ഡ് കമ്മോഡിറ്റി’ നിയമത്തില്‍ ഉള്‍പ്പെടുത്തി നികുതി ചുമത്തും. മരിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത സ്വതന്ത്ര ഇന്ത്യ!
ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യത്തിന് ആരാണ് ഭീഷണി?
ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സ്വാതന്ത്ര്യത്തിന്റെ ചിറകരിയാനുള്ള ആസൂത്രിത നീക്കങ്ങള്‍ കൊണ്ടുകയറുന്നതിനിടെ കോടതികളും ന്യായാധിപരും അതിനൊക്കെ കൂട്ടുനിന്നാലോ. പുരുഷാധിപത്യ ഇന്ത്യയില്‍ മഹാഭൂരിപക്ഷവും ഇന്ന് അസ്വതന്ത്രരാണ്. ഇഷ്ടപ്പെട്ട ചെക്കനെ കല്യാണം കഴിച്ചാല്‍ കൊത്തിനുറുക്കിക്കൊല്ലും. നടുറോഡിലിട്ട് കത്തിച്ചു ചാമ്പലാക്കും. മരത്തില്‍ കെട്ടിയിട്ട് തല്ലി ഇഞ്ചപ്പരുവമാക്കിയശേഷം പെട്രോളൊഴിച്ചു കൊല്ലും. ‘നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന മനുസ്മൃതിയുടെ കാലത്തിന്റെ പുനരുജ്ജീവനം. ഇതിനിടെ ഇതാ ഡല്‍ഹി ഹെെക്കോടതിയിലെ ന്യായാധിപ പ്രതിഭാസിങ് പുതിയ വെളിപാടുമായി എത്തിയിരിക്കുന്നു. മനുസ്മൃതിമൂലം സ്ത്രീകള്‍ ഏറെ ആദരിക്കപ്പെട്ടുവെന്ന് മേല്‍പ്പടിയാളുടെ വ്യാഖ്യാനം. സ്ത്രീ സ്വാതന്ത്ര്യത്തിന് അര്‍ഹതയല്ലെന്ന് മനു പറഞ്ഞതിന് അവരുടെ വക വേറെ ഒരു അര്‍ത്ഥകല്പന! മനുസ്മൃതി പറഞ്ഞ സ്ത്രീകളുടെ ആദരണീയ യുഗമായതിനാലാണല്ലോ സ്വതന്ത്ര ഇന്ത്യയില്‍ ഓരോ മണിക്കൂറിലും നൂറോളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതും ശരാശരി മൂന്നുപേരെങ്കിലും അരുംകൊല ചെയ്യപ്പെടുന്നതും. ഇത്തരം ന്യായാധിപന്മാരെ ഇടുക്കിയില്‍ നിന്നു ഡയറക്ടായി ഷോക്കടിപ്പിച്ചാല്‍ ഒരുപക്ഷേ രോഗം ഭേദമാകുമായിരിക്കും. സ്വതന്ത്ര ഇന്ത്യയില്‍ അത്തരം ചില കായകല്പ ചികിത്സകൂടി വേണമല്ലോ.
ചൂതുകളി മുതലാളിമാരുടെ പുതിയൊരു കോര്‍പറേറ്റ് മേഖലയ്ക്കും തുണയായി മോഡി സര്‍ക്കാര്‍ വെഞ്ചാമരം വീശുന്നു. ഓണ്‍ലെെന്‍ റമ്മി, പബ്ജി തുടങ്ങിയ നൂറുകണക്കിനു ചൂതാട്ട കമ്പനികള്‍ പാവപ്പെട്ട ജനങ്ങളെ ദിനംപ്രതി കൊള്ളയടിക്കുന്നത് ശതകോടികള്‍. ചൂതുകളിയില്‍ കമ്പംമൂത്ത് 60 ലക്ഷം രൂപ നഷ്ടപ്പെട്ട ഒരു യുവതി രണ്ട് മക്കളെ ഉപേക്ഷിച്ച് സഹകളിക്കാരനായ പതിനഞ്ചുകാരനൊപ്പം തമിഴ്‌നാട്ടിലേക്ക് മുങ്ങുന്നു. ചൂതുകളിച്ചും ചീട്ടുകളിച്ചും ലോട്ടറി ടിക്കറ്റെടുത്തും കടംകയറിയ പട്ടാളക്കാരന്‍ മോഷണത്തിനിറങ്ങി പിടിയിലാവുന്നു. തിരുവനന്തപുരത്തെ ഒരു ട്രഷറി ജീവനക്കാരന്‍ ട്രഷറിയിലെ തന്നെ 65 ലക്ഷം രൂപയെടുത്ത് ഓണ്‍ലെെന്‍ റമ്മികളി നടത്തി അറസ്റ്റിലാവുന്നു. കോട്ടയത്തെ ഒരു വെെദികന്റെ മകന്‍ പബ്ജി കളിക്കാന്‍ പണമുണ്ടാക്കാന്‍ നാട്ടുകാരെ ആരെയും ബുദ്ധിമുട്ടിച്ചില്ല. പള്ളീലച്ചനും കുടുംബവും പുറത്തുപോയ തക്കംനോക്കി സ്വന്തം വീടുതന്നെ കൊള്ളയടിച്ച് അന്‍പതുപവനും ഒരു ലക്ഷത്തിലേറെ രൂപയും സ്വന്തമാക്കുന്നു. വികാരിയച്ചന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മോന്‍ വീട് കൊള്ളയടിക്കുന്നു. ഈ ചൂതാട്ട കമ്പനികളുടെ പരസ്യങ്ങളിലെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകട്ടെ ക്രിക്കറ്റ് കിടിലം വിരാട് കോലി മുതല്‍ നമ്മുടെ നടികര്‍ തിലകം ലാല്‍ വരെ. കാശിനു തെല്ലു ബുദ്ധിമുട്ടായതിനാല്‍ അങ്ങനെയൊക്കെയായിപ്പോയി, ഇനിയില്ല എന്നുപറഞ്ഞ് ലാല്‍ പിന്മാറിയിട്ടുണ്ട്. ആപല്‍ക്കരമായ സാമൂഹ്യപ്രശ്നമായി മാറിയിട്ടുള്ള ചൂതുകളി നിരോധിക്കാനെന്തേ മോഡി അമാന്തം കാട്ടുന്നു. ചൂതുകളിക്കെന്തിന് അസ്വാതന്ത്ര്യം. ഇതു സ്വതന്ത്ര ഇന്ത്യയല്ലേ!