Site icon Janayugom Online

ബീഹാര്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി ; ബിജെപിക്കെതിരേ ജെഡിയു

ബീഹാറില്‍ ജെഡിയുവും ബിജെപിയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. ചിരാഗ് പാസ്വാനെ ചൊല്ലിയാണ് ഇരു കൂട്ടരും രംഗത്ത് വന്നിരിക്കുന്നത് ചിരാഗ് എന്‍ഡിഎയില്‍ തന്നെയാണെന്ന് ബിജെപി പ്രഖ്യാപിച്ചു. ജെഡിയുവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ചിരാഗായിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് വരെ ആരോപണമുണ്ടായിരുന്നു. അതിന് ശേഷം എന്‍ഡിഎയില്‍ നിന്ന് ചിരാഗിനെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ എല്‍ജെപിയുടെ സഖ്യം ബിജെപിയുമായിട്ടാണ് നിതീഷുമായിട്ടല്ലെന്ന് നേരത്തെ ചിരാഗ് തുറന്ന് പറഞ്ഞതാണ്. രാംവിലാസ് പാസ്വാന്റെ ചരമ വാര്‍ഷികത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ച് കത്തയച്ചിരുന്നു. പല ബിജെപി നേതാക്കളും പ്രതിപക്ഷ കക്ഷികളും ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍ നിതീഷ് കുമാര്‍ ഈ ചടങ്ങിന് എത്തിയതേയില്ല. ഇതിന് പിന്നാലെയാണ് ബിജെപിയുടെ മന്ത്രി തന്നെ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ചിരാഗ് എന്‍ഡിഎയുടെ വളരെ പ്രധാന നേതാവാണ്.

എന്‍ഡിഎയില്‍ തന്നെ അദ്ദേഹം തുടരുമെന്നും ബിജെപിയുടെ മന്ത്രി നീരജ് ബബ്ലൂ പറഞ്ഞു. പരിസ്ഥിതി-വനം വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഇതിനിടെ ചിരാഗ് തേജസ്വി യാദവുമായി ചര്‍ച്ച നടത്തിയിരുന്നു,എല്‍ജെപി പിളര്‍ന്ന് കിടക്കുന്ന സാഹചര്യത്തില്‍ ബിജെപി ഇവരെ ഒപ്പം കൂട്ടില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ ചിരാഗിനെ കേന്ദ്ര നേതൃത്വത്തിന് ആവശ്യമാണ്. പാസ്വാന്‍ വോട്ടുകള്‍ മാത്രമല്ല ദളിത് വോട്ടുകളും ബിജെപിയുടെ മുന്നില്‍ പ്രധാനമായുള്ളതാണ്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ശക്തമായപ്പോഴും ചിരാഗിനെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. ചിരാഗിനെ അനൗദ്യോഗികമായിട്ടാണ് നിതീഷ് കുമാര്‍ ബഹിഷ്‌കരിക്കുന്നത്. ജെഡിയു നേതാക്കളാരും എല്‍ജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുകയുമില്ല. എന്നാല്‍ ബിജെപി നേതാക്കളെല്ലാം അനുസ്മരണ ചടങ്ങിനെത്തിയിരുന്നു. നിതീഷ് സുഹൃത്തായി കാണുന്ന സുശീല്‍ കുമാര്‍ മോദി വരെ ചടങ്ങിനെത്തിയിരുന്നു.അതേസമയം നിതീഷ് കാണിച്ചത് മര്യാദക്കേടാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.


ഇതുംകൂടി വായിക്കുക;ജെപിയെയും ലോഹ്യയെയും ഒഴിവാക്കി ആര്‍എസ്എസ് നേതാവിനെ തിരുകിക്കയറ്റി


രാംവിലാസ് പാസ്വാനെ പോലൊരു നേതാവിനെ അനുസ്മരണ ചടങ്ങില്‍ നിതീഷ് പങ്കെടുക്കാതിരിക്കുകയും, ജെഡിയുവില്‍ നിന്ന് ഒരാള്‍ പോലും വരാതിരിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും ശരിയല്ലാത്ത നിലപാടാണെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇവര്‍ പരസ്യമായ വിമര്‍ശനം ഉന്നയിച്ചിട്ടില്ല. ജെഡിയുവിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായിട്ടാണ് ചിരാഗിനെ നിതീഷ് കാണുന്നത്. ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയത് ചിരാഗായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ സഹായം ഇവര്‍ക്കുണ്ട്. രാംവിലാസ് പാസ്വാനെ തങ്ങള്‍ അനുസ്മരിച്ചിരുന്നുവെന്നാണ് ജെഡിയു അവകാശപ്പെടുന്നത്. സുശീല്‍ മോദി ബെംഗളൂരുവില്‍ നിന്നാണ് പട്‌നയിലെത്തിയത്. അതും ചടങ്ങില്‍ പങ്കെടുക്കാനായി മാത്രം. മകന് സുഖമില്ലാതിരുന്നിട്ട് കൂടി അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നിതീഷിന്റെ അഭാവത്തെ തേജസ്വി യാദവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. മുഖ്യമന്ത്രി എന്ന് പറയുന്നത് അമ്മാവനെ പോലെയാണ്. കടപ്പാടുകള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം മറക്കരുത്. പക്ഷേ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് നിതീഷിന്റെ വ്യക്തിപരമായ കാര്യമാണെന്നും തേജസ്വി യാദവ് പറഞ്ഞു. ഇതിനിടെ അനുസ്മരണ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന നിതീഷ് കുമാറിന്റെ നടപടിയെ അപലപിച്ച് എല്‍ജെപി പ്രമേയം പാസാക്കി. നേരത്തെ തന്നെ നിതീഷ് പലതവണ ചിരാഗിനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ തന്നെ എല്‍ജെപി പിളര്‍ന്നിരുന്നു. ചിരാഗിന്റെ അമ്മാവന്‍ പശുപതി പരസിന്റെ നേതൃത്വത്തില്‍ വേറൊരു എല്‍ജെപി തന്നെ നിലവില്‍ വന്നു. ഈ പിളര്‍പ്പിന് നേതൃത്വം നല്‍കിയത് നിതീഷ് കുമാറാണെന്ന് പലരും ആരോപിച്ചിരുന്നു. ചിരാഗും ഈ നിലപാട് തന്നെയാണ് എടുത്തത്. ഇതോടെ ബിജെപിയും, ജെഡയും തമ്മിലുള്ള അകല്‍ച്ച കൂടുകയാണ്.ബീഹാര്‍ രാഷ്ട്രീയത്തില്‍ ഇത് വന്‍പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കും .
eng­lish summary;the gap between the JDU and the BJP is widening
you may also like this video;

Exit mobile version