Site iconSite icon Janayugom Online

ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ ഭൂമി പ്രശഅനങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ ലക്ഷ്യമെന്നും ഭൂ പതിവ് നിയമ ഭേദഗതി ചട്ട രൂപീകരണം മേയില്‍ പൂര്‍ത്തിയാക്കുനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാ യോഗം നെടുങ്കണ്ടം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഭൂപതിവ് ചട്ടം രൂപീകരിക്കുന്നതോടെ ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമാകും. 1960ലെ ഭൂപതിവ് നിയമ ഭേദഗതി ചട്ടരൂപീകരണം അന്തിമ ഘട്ടത്തിലാണ്.

ഭേദഗതിപ്രകാരം പട്ടയഭൂമിയിലെ വ്യവസ്ഥാ ലംഘനം ക്രമീകരിക്കാനാവും. 1964ലെ കൃഷി ആവശ്യത്തിനായുള്ള പതിവ് ചട്ടം, 1995ലെ നഗരസഭ/കോർപറേഷൻ മേഖലയിലെ വീടിനും ചെറിയ കടകൾക്കുമുള്ള ഭൂമിയുടെ ഉപയോഗം എന്നിവയിലെ ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാൻ നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്.മലയോരജനത ജീവിതവൃത്തിക്കായി ഭൂമി തരംമാറ്റിയതുമായി ബന്ധപ്പെട്ട ലംഘനം ക്രമീകരിക്കാനുള്ള ചട്ടം ഭേദഗതിയിൽ ഉൾപ്പെടുത്തും.കാർഷികമേഖല നേരിടുന്ന പ്രശ്‌നങ്ങൾകൂടി കണക്കിലെടുക്കും. ഇതിനായുള്ള അപേക്ഷകളിൽ കാലതാമസം ഒഴിവാക്കും. വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി, സഹകരണ സ്ഥാപനം, പട്ടയഭൂമിയിൽ നിർമിച്ച സർക്കാർ–-അർധ സർക്കാർ സ്ഥാപനം, വായനശാല, ക്ലബ്ബ്‌, സർക്കാർ സഹായത്തോടെയുള്ള മറ്റു നിർമിതി തുടങ്ങിയ പൊതുആവശ്യ കെട്ടിട ക്രമീകരണം സംബന്ധിച്ച നടപടികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തും.

മതസ്ഥാപന നിർമിതി, സമുദായ സംഘടനാ സ്ഥാപനം, ഭിന്നശേഷി അവകാശ സംരക്ഷണ സ്ഥാപനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സർക്കാർ — അർധസർക്കാർ ഭൂമിയിലെയും പൊതുആവശ്യ വാണിജ്യ കേന്ദ്രങ്ങളോടുകൂടിയ നിർമിതി ഉൾപ്പെടുന്ന ഭൂമിയുടെ ക്രമീകരണം വേഗത്തിലാക്കാനുള്ള നടപടി ലഘൂകരിക്കും. വകമാറ്റിയ ഭൂമിയുടെ ക്രമീകരണം, പുതുതായി മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള ചട്ടം എന്നിങ്ങനെ രണ്ട് ഘട്ടമായാണ് ചട്ടം രൂപീകരിക്കുക. നിർമാണം ക്രമീകരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പിഴ ഈടാക്കില്ല. നിർമാണ സാമഗ്രികൾക്കായി ക്വാറി അനുമതിസംബന്ധിച്ചും ഉടൻ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി പറ‌ഞ്ഞു

Exit mobile version