Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍

ലോ ഫ്‌ളോര്‍ ബസ് ഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐക്ക് ശുപാര്‍ശ ചെയ്ത് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍. 2016ല്‍ നടത്തിയ 1400 കോടിയുടെ തന്റെ അഴിമതി മറയ്ക്കാനാണ് നടപടിയെന്ന പ്രത്യാരോപണവുമായി എഎപി. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1,000 ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തിന് ഡല്‍ഹി ഗവര്‍ണര്‍ വി കെ സക്സേന അംഗീകാരം നല്‍കി. ഇതിനു മറുപടിയായാണ് രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനും തന്റെ അഴിമതി മറയ്ക്കുന്നതിനുമാണ് സക്സേനയുടെ നടപടിയെന്ന് എഎപി ആരോപിച്ചത്.
ഡല്‍ഹി സര്‍ക്കാരിന്റെ 1000 ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നതായി ജൂലൈയില്‍ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ഓഗസ്റ്റ് 19 ന് ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സക്സേന ഇപ്പോള്‍ സിബിഐക്ക് പരാതി നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. 

ഗതാഗത മന്ത്രി ചെയര്‍മാനായ സമിതിയാണ് ബസുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ക്ഷണിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോ‍ഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം(ഡിഐഎംടിഎസ്) ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചത് അഴിമതിക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബസുകള്‍ വാങ്ങുന്നതിനും വരുംവര്‍ഷങ്ങളില്‍ ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനും രണ്ടു കരാറുകളാണ് നല്‍കിയിരുന്നത്. ഇവയില്‍ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍ ഇക്കാര്യം പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. വിവാദമായതോടെ കരാറുകള്‍ റദ്ദാക്കുകയും ചെയ്തു. 

ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മിഷന്‍ ചെയര്‍മാനായിരിക്കേ വി കെ സക്സേന 1400 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണം ഇന്നലെ എഎപി ആവര്‍ത്തിച്ചു. സ്വന്തം മകളുടെ സ്ഥാപനത്തിന് ഡിസൈനിങ് കരാര്‍ നല്കിയായിരുന്നു ഇത്. ഒരിക്കലും വാങ്ങിയിട്ടില്ലാത്ത ബസിന്റെ പേരില്‍ അഴിമതി നടന്നുവെന്നാണ് സക്സേന ആരോപിക്കുന്നതെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി സര്‍ക്കാര്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ അന്വേഷണം.

Eng­lish Summary:The gov­er­nor and the gov­ern­ment face off in Delhi
You may also like this video

Exit mobile version