Site iconSite icon Janayugom Online

പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യണം; മാനേജ്‌മെന്റ് നടപടി എടുക്കാത്തപക്ഷം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി

തേവലക്കര ബോയ്‌സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ നടപടി ശക്തമാക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂളിന്റെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. മാനേജ്‌മെന്റ് നടപടി എടുക്കാത്തപക്ഷം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്കൂള്‍ മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസത്തിനകം സ്കൂൾ മറുപടി നൽകണം. സ്കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.

ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതല്ല. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യം സ്കൂള്‍ മാനേജ്‌മെന്റ് പരിഗണിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. മിഥുന്റെ മരണത്തില്‍ വകുപ്പിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപ്പെട്ടത് കേരളത്തിന്റെ ഒരു മകനെയാണ്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് നടപടി സ്വീകരിക്കുക. സ്കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ വകുപ്പ് കൈമാറിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ മാനേജ്‌മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്‍കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version