Site iconSite icon Janayugom Online

ജില്ലയിലെ ആരോഗ്യമേഖല കടുത്ത അവഗണനയിൽ; മഞ്ചേരി ജനറൽ ആശുപത്രിയും വിസ്മൃതിയിലേക്ക്

manjerimanjeri

ജില്ലയിലെ ആരോഗ്യമേഖല നേരിടുന്നത് കടുത്ത അവഗണയിലെന്ന ആരോപണത്തിനു പിന്നാലെ ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് അത്താണിയായിരുന്ന മഞ്ചേരി ജനറൽ ആശുപത്രിയും ഓർമ്മയാകുന്നു. മഞ്ചേരിയിൽ ഗവ. മെഡിക്കൽ കോളജ് സ്ഥാപിച്ചതോടെയാണ് ജനറൽ ആശുപത്രിയുടെ ദുര്യോഗം ആരംഭിച്ചത്. മെഡിക്കൽ കോളജ് യാഥാർത്ഥമായപ്പോൾ ആദ്യം 300 ബെഡുകളോടു കൂടിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇല്ലാതായി. ഇപ്പോൾ ജനറൽ ആശുപത്രിയും നഷ്ടപ്പെടുകയാണ്. മഞ്ചേരി ജനറൽ ആശുപത്രിയുടെ ഭാഗമായുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ജില്ലയുടെ വിവിധ ആശുപത്രികളിലേക്ക് പുനർ വിന്യസിക്കുന്ന നടപടികൾ ആരംഭിച്ചു കൊണ്ട് ഇക്കഴിഞ്ഞ 18ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക ഉത്തരവിറക്കി.

56 ഡോക്ടർമാരിൽ 12 അസിസ്റ്റന്റ് സർജന്മാരെ ഇതിനകം തസ്തികയോടെ അരീക്കോട്, കൊണ്ടോട്ടി താലൂക്ക് ആശുപത്രികളിലേക്ക് പുനർവിന്യസിച്ചിരുന്നു. ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം, ഓങ്കോളജി വിഭാഗം എന്നിവയിലെ മൂന്നു മെഡിക്കൽ ഓഫീസർമാരും ഭരണപരമായ തസ്തികകളായ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ രണ്ടു ഡോക്ടർമാരടക്കം അഞ്ച് ഡോക്ടർമാരുടെ തസ്തികകൾ ഒഴിച്ച് മറ്റുള്ള എല്ലാ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും പുനർവിന്യസിക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർ നടപടികൾ തുടങ്ങി വെച്ചത്. അടിയന്തര പ്രാധാന്യത്തോടെ നടപടികൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ മഞ്ചേരി ജനറൽ ആശുപത്രി മലപ്പുറം ജില്ലയിൽ പുനരാരംഭിക്കാനുള്ള സാധ്യതകൾ മങ്ങി. സംസ്ഥാനത്തെ ഇതര ജില്ലകളിലൊന്നും തന്നെ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ജനറൽ ആശുപത്രിയോ ജില്ലാ ആശുപത്രിയോ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷം സംജാതമായിട്ടില്ല. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, കോന്നി, പാലക്കാട്, മാനന്തവാടി എന്നിവിടങ്ങളിൽ മെഡിക്കൽ കോളജ് സ്ഥാപിതമായെങ്കിലും ജനറൽ ആശുപത്രി നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ മഞ്ചേരിയിൽ ജനറൽ ആശുപത്രിയോട് തികഞ്ഞ അവഗണനാ മനോഭാവമാണ് അധികൃതർ പുലർത്തി വരുന്നത്. നിലവിലെ ജില്ലാ, താലൂക്ക് ആശുപത്രികളിൽ അംഗീകൃത ആശുപത്രി കിടക്കകളുടെ എണ്ണം വളരെ പരിമിതമാണ്. ഏറ്റവും കൂടുതൽ കിടക്കകളുള്ള ജില്ലാ ആശുപത്രിയായ പെരിന്തൽമണ്ണയിൽ പോലും ആകെ 177 കിടക്കകൾ മാത്രമാണ് സർക്കാർ അനുവദിച്ചത്. തിരൂർ ജില്ലാശുപത്രിയിലും നിലമ്പൂർ ജില്ലാശുപത്രിയിലും 140 ഓളം കിടക്കകൾക്ക് മാത്രമേ സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. 

501 കിടക്കകൾ മഞ്ചേരി ജനറൽ ആശുപത്രിയിൽ ലഭ്യമായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 1205,എറണാകുളം ജനറൽ ആശുപത്രിയിൽ 1049,പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 714,കോട്ടയം ജനറൽ ആശുപത്രിയിൽ 922,കോഴിക്കോട് ജനറൽ ആശുപത്രിയിൽ 550, കണ്ണൂർ ജനറൽ ആശുപത്രിയിൽ 541 ക്രമത്തിൽ ആശുപത്രി കിടക്കകൾ ലഭ്യമാണ്. എന്നാൽ ജനറൽ ആശുപത്രിയായി ഉയർത്താൻ സാധിക്കുന്ന കിടക്കകളുള്ള ഒരു ആശുപത്രിയും നിലവിൽ മലപ്പുറം ജില്ലയിലില്ല എന്നതാണ് വസ്തുത. ജനസംഖാനുപാതികമായി ആശുപത്രി രോഗി കിടക്കകൾ ഏറ്റവും കുറവുള്ള ജില്ല മലപ്പുറമാണ്. സംസ്ഥാനത്ത് ശരാശരി 868 ആളുകൾക്ക് ഒരു രോഗീകിടക്ക ലഭ്യമാണെന്നിരിക്കെ മലപ്പുറം ജില്ലയിൽ 1615 ആളുകൾക്ക് ഒരു രോഗീകിടക്ക മാത്രമാണ് ലഭ്യമായിരിക്കുന്നത്. മെഡിക്കൽ കോളേജ് വൈദ്യ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുക്കുന്നതിനാൽ ചികിത്സ രംഗത്ത് ജില്ലയിൽ ഒരു ആശുപത്രി തന്നെ നഷ്ടപ്പെടുന്നത് ആരോഗ്യ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കും. പ്രതിരോധ കുത്തിവെപ്പ് ഏറ്റവും കുറവുള്ള ജില്ല, ഏറ്റവും കൂടുതൽ സ്ത്രീകൾ വീട്ടിൽ പ്രസവിക്കുന്ന ജില്ല, ഏറ്റവും കൂടുതൽ മാതൃമരണ നിരക്കുള്ള ജില്ല. എന്നിങ്ങനെ ആരോഗ്യ രംഗത്ത് മലപ്പുറം ജില്ലക്ക് വിശേഷണങ്ങൾ ഏറെയാണ്. ഇതിനിടെ പുതിയ അസുഖങ്ങളും രോഗികളും മലപ്പുറം ജില്ലയിൽ വർദ്ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഒരു ആശുപത്രി തന്നെ നഷ്ടപ്പെടുന്നത് പൊതുജനാരോഗ്യ രംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. 

Exit mobile version