കോവാക്സിന് രാജ്യാന്തര അംഗീകാരമില്ലാത്തത് കൊണ്ട് വിദേശ ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ഒഴിയാനാവുമോയെന്ന് ഹൈക്കോടതി. കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് വിദേശങ്ങളിൽ പോകാൻ കഴിയുമ്പോൾ കോവാക്സിൻ എടുത്തവർക്ക് ഇതു നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനു മറുപടി പറയേണ്ടത് സർക്കാരല്ലേ. പ്രശ്നം പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേയെന്നും കോടതി ചോദിച്ചു. രണ്ട് ഡോസ് കുത്തിവച്ച കോവാക്സിന് സൗദി അറേബ്യയിൽ അംഗീകാരമില്ലാത്തതിനാൽ മൂന്നാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളിയായ കണ്ണൂർ സ്വദേശി ഗിരികുമാർ നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ വാക്കാൽ പരാമർശങ്ങൾ.
കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഹര്‍ജിക്കാരൻ കോവാക്സിൻ രണ്ടു ഡോസും എടുത്തിരുന്നു. പിന്നീടാണ് സൗദിയിൽ കോവാക്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞത്. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് അടുത്തിടെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയെങ്കിലും സൗദിയിൽ ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ രാജ്യാന്തര അംഗീകാരത്തിന് കാത്തു നിൽക്കൽ പ്രായോഗികമായിരുന്നില്ലെന്നും ലോകാരോഗ്യ സംഘടന കോവാക്സിൻ അംഗീകരിച്ചതോടെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകാരം നൽകിയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അസി. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മൂന്നാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകാൻ നിർദ്ദേശിക്കാനാവില്ലെങ്കിലും ഇത്തരം പ്രശ്നം ഏറെ വലുതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങളുടെ ലംഘനമാണിത്. രണ്ട് തരം വാക്സിനെടുത്തവർ രണ്ട് തരം പൗരൻമാരായി മാറിയ അവസ്ഥയാണിപ്പോൾ. തുടർന്ന് സൗദിയിൽ അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി 25ന് പരിഗണിക്കാൻ മാറ്റി.
ENGLISH SUMMARY:the-high-court-held-the-center-responsible-for-covaxin
You may also like this video