Site iconSite icon Janayugom Online

മോഡിഭരണത്തില്‍ ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷ മങ്ങി

നരേന്ദ്ര മോഡിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി സര്‍വേ. വരുമാനത്തിലെ കുറവും നിത്യ ചെലവിലെ വര്‍ധനയുമാണ് ആളുകളെ നിരാശരാക്കുന്നത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്, അടുത്ത ഒരു വര്‍ഷത്തില്‍ ജീവിതനിലവാരം കൂടുതല്‍ താഴോട്ട് പോകുമെന്നാണ്. 2013ന് ശേഷമുള്ള സര്‍വേകളില്‍ ഇത്രയധികം പേര്‍ നിരാശ പങ്കുവയ്ക്കുന്നത് ആദ്യമായാണെന്നും ഏജന്‍സി വെളിപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 5,269 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നില്‍ രണ്ടുപേര്‍ക്കുമുള്ള പരാതി വിലക്കയറ്റം തടയാന്‍ നടപടി ഉണ്ടാകുന്നില്ലെന്നാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം വീട്ടുചെലവ് വര്‍ധിപ്പിക്കുകയും ആളുകളുടെ വാങ്ങല്‍ശേഷി കുറയ്ക്കുകയും ചെയ്തു. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെപ്പേര്‍ക്കും ഒരു വര്‍ഷത്തിലേറെയായി വരുമാന വര്‍ധന ഉണ്ടായിട്ടില്ല.

അതേസമയം ഗ്രാമ, നഗര പ്രദേശങ്ങളില്‍ ശരാശരി പ്രതിമാസ ചെലവ് വര്‍ധിച്ചതായി കുടുംബ ഉപഭോഗ ചെലവ് സര്‍വേ(എച്ച്സിഇഎസ്) പുറത്തുവന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ചെലവുകള്‍ തമ്മിലുള്ള അന്തരം വീണ്ടും കുറഞ്ഞതായും സാധനങ്ങളുടെ വില വര്‍ധനയുള്‍പ്പെടെ എല്ലാ മേഖലയിലുമുണ്ടായ വിലപ്പെരുപ്പം കുടുംബചെലവില്‍ വലിയ വര്‍ധനവുണ്ടാക്കിയെന്നും സര്‍വേയില്‍ പറയുന്നു. ഒഡിഷയിലെ ഗ്രാമ മേഖലയിലാണ് പ്രതിമാസ ഉപയോഗ ചെലവ് (എംപിസിഇ) ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. 14 ശതമാനം വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. നഗരമേഖലയിലെ എംപിസിഇ വളര്‍ച്ചയില്‍ പഞ്ചാബാണ് മുന്‍നിരയില്‍. 13 ശതമാനമാണ് വര്‍ധന. പല പ്രധാന സംസ്ഥാനങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ എംപിസിഇയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022–23 നേക്കാള്‍ 2023–24 എത്തുമ്പോള്‍ 18 പ്രധാന സംസ്ഥാനങ്ങളിലെ നഗര, ഗ്രാമ മേഖലകള്‍ക്കിടയിലുള്ള ഉപഭോഗ അസമത്വം കുറഞ്ഞതായും വരും മാസങ്ങളില്‍ ഇത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version