മണ്ണിടിച്ചിലിനെ തുടർന്ന് ചിതറ സംരക്ഷണഭിത്തിയില്‍ പാറ വീണ് പുതുവൽ വിള പുത്തൻവീട്ടിൽ ദീപുവിന്റെ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. കനത്ത മഴയിൽ മണ്ണൊലിച്ചു പോയതിനെ തുടർന്ന് സമീപത്തെ പാറ ഇളകി വീടിന്റെ സംരക്ഷണ ഭിത്തിയിലേക്ക് പതിച്ചു. ഭിത്തി തകർന്ന് കൂറ്റൻ പാറ വീടിനുള്ളിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം വീടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൃഹോപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. ശക്തമായി തുടരുന്ന മഴയിൽ മേഖലയിലെ വീടുകളുടെ സംരക്ഷണ ഭിത്തികളും തകർന്നിരുന്നു. മടത്തറ കാരറ പച്ചയിൽ വീട്ടിൽ സലിമോളുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് പൂർണമായി ഇടിഞ്ഞു വീണത്. സംരക്ഷണ ഭിത്തി തകർന്നത് മൂലം വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും മറിഞ്ഞു. വേങ്കൊല്ല സജി വിലാസത്തിൽ രാധാമണിയുടെ വീടിന്റെ കൽകെട്ടും കഴിഞ്ഞ ദിവസം പൂർണമായി തകർന്നു. സമീപത്തുള്ള കിണറിനും കേടുപാടുകൾ സംഭവിച്ചു. മടത്തറ വേളിയൻകാല കുന്നിൽ മണ്ണിടിയുന്നതും ആശങ്കയുളവാക്കിയിട്ടുണ്ട്.
മടത്തറ മേലേമുക്ക് ബ്ലോക്ക് നമ്പർ 163ൽ ബിനു ജയരാജ്, ബ്ലോക്ക് നമ്പർ 164ൽ സുകുമാരൻ, പ്രശോഭന എന്നിവരുടെ വീടുകളാണ് ഭീഷണിയിലുള്ളത്. കനത്ത മഴ തുടരുന്നതിനാൽ കുന്നിൻചരിവിലുള്ള മറ്റു പല വീടുകൾക്കും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കഴിഞ്ഞ രാത്രി ഒന്നോടെ കുന്നിൻ മുകളിൽ ഉഗ്രശബ്ദം കേട്ടതായും അതിനു ശേഷമാണ് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായതെന്നും പ്രദേശ വാസികൾ പറയുന്നു.