Site iconSite icon Janayugom Online

റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

മാനന്തവാടിയില്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട മധ്യവയസ്കനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25), കണിയാമ്പറ്റ പടിക്കംവയൽ പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ സുജിത്ത് (23) എന്നിവരെയാണ് മാനന്തവാടി ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കൽപ്പറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടി പി നബീൽ കമർ (25), കുന്നുമ്മൽ വീട്ടിൽ കെ വിഷ്ണു എന്നിവരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിരാമിനെയും അർഷിദിനെയും എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. 

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതന്‍ അതിക്രമത്തിനിരയായത്. മാനന്തവാടി-പുൽപ്പള്ളി റോഡിലെ കൂടൽക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടൽക്കടവ് ചെക്ക്ഡാം കാണാനെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. വാഹനം നിർത്തി അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിക്കാൻ ചെന്ന മാതനെ കാറോടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. പരിക്കേറ്റ മാതൻ മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനന്തവാടി പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ കേസ് ചൊവ്വാഴ്ച പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറി. എസ്എംഎസ് ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ‌്പി എം കെ സുരേഷ് കുമാറാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. 

Exit mobile version