അമ്പലത്തുംഭാഗത്ത് റബർ തോട്ടത്തിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി സംശയം. പോരുവഴി അമ്പലത്തുംഭാഗം രാജ്ഭവനിൽ സതിയമ്മ കഴിഞ്ഞ ദിവസം രാവിലെ ടാപ്പിങ്ങിനിടെയാണ് കാട് പിടിച്ചുകിടക്കുന്ന ഭാഗത്ത് തലയോട്ടി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി അസ്ഥികളും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി കാണാതായ സതിയമ്മയുടെ ഭർത്താവും ടാപ്പിങ് തൊഴിലാളിയുമായ രാജേന്ദ്രൻപിള്ളയുടേതാണ് (63) മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ശൂരനാട് പൊലീസ് മാൻമിസിങ്ങിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. നെടുവിലയ്യത്ത് ഭാഗത്തെ കനാൽ പാലത്തിന് സമീപത്തെ മരക്കൊമ്പിൽ ഇദ്ദേഹം തൂങ്ങിമരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. മരക്കൊമ്പ് ഒടിഞ്ഞ് മൃതദേഹം കനാലിൽ വീണതാകാം.
ഈ ഭാഗത്ത് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതിനാലും ചത്ത നായ്ക്കളുടെ ദുർഗന്ധം പതിവായതിനാലും മൃതദേഹം അഴുകിയ ഗന്ധം ആരും ശ്രദ്ധിച്ചിരുന്നില്ല. കനാലിൽ വീണുകിടന്ന മൃതദേഹം തെരുവ് നായ്ക്കൾ വലിച്ചിഴച്ചു കൊണ്ടുപോയി ഭക്ഷിച്ചതിനാലാണ് അവശിഷ്ടങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടന്നതെന്ന് പൊലീസ് കരുതുന്നു. മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ച് തിരുവനന്തപുരത്തേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം രാജേന്ദ്രൻ പിള്ളയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

