കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതായി പൊലീസ്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു — തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. നോര്‍ത്ത് റെയിൽവെ സ്റ്റേഷനു സമീപമുള്ള പച്ചാളം റെയിൽവെ ഗേറ്റിനടുത്താണ് സംഭവം.
ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിനു അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിനു മുകളിലൂടെ കടന്നുപോവുകയായിരുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും വ്യക്തമാക്കി.

