Site iconSite icon Janayugom Online

ലേബര്‍ കോഡ് തൊഴിലാളി വിരുദ്ധം; നിര്‍മ്മാണത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരന്ന് ആയിരങ്ങള്‍

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങളുമായി ഓള്‍ ഇന്ത്യാ ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഫെഡറേഷന്റെ പാര്‍ലമെന്റ് മാര്‍ച്ച്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇന്നലെ ജന്ദര്‍ മന്ദിറില്‍ അണിനിരന്നത്. രാജ്യത്തെമ്പാടുനിന്നുമുള്ള കെട്ടിട, നിര്‍മ്മാണ തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് പ്രതിഷേധം ജനശ്രദ്ധ നേടുകയും ചെയ്തു.
നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കുക, ബോണസ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഉത്സവബത്ത എന്നിവ നിയമപരമായി ലഭ്യമാക്കുക, കുറഞ്ഞ വേതനം പ്രതിമാസം 36,000 രൂപയാക്കുക, പെന്‍ഷന്‍ തുക 6000 രൂപയാക്കി ഉയര്‍ത്തുക, ജോലി സ്ഥലത്ത് സുരക്ഷയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഉറപ്പാക്കുക, പ്രസവാനുകൂല്യങ്ങള്‍ ലഭ്യമാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിര്‍മ്മാണ തൊഴിലാളികള്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. 

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഞെരുക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ പറഞ്ഞു, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാലു ലേബര്‍ കോഡുകളും തൊഴിലാളി വിരുദ്ധമാണ്. ഇതിനെതിരെ മേയ് 20 ന് നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാന്‍ തൊഴിലാളികളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
പാര്‍ലമെന്റ് മാര്‍ച്ചിനൊടുവില്‍ നടന്ന ധര്‍ണയില്‍ എഐസിബിസിഡബ്ല്യൂ വൈസ് പ്രസിഡന്റ് ബാസുദേബ് ഗുപ്ത അധ്യക്ഷനായി. സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാര്‍ എംപി, കെ സുബ്ബരായന്‍ എംപി, വാഹിദ നിസാം, വിജയന്‍ കുനിശ്ശേരി, പി ശ്രീകുമാര്‍, സി സുന്ദരന്‍, കെ അരവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Exit mobile version