Site icon Janayugom Online

കോവിഡ് മരണക്കണക്കില്‍ പിഴവെന്ന് ലാന്‍സെറ്റ്; രോഗവ്യാപനം കണ്ടെത്തുന്നതിലും ഇന്ത്യ പിന്നില്‍

രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിന്റെയും മരണങ്ങളുടെയും കണക്കുകള്‍ മറച്ചുവയ്ക്കപ്പെടുകയോ തിരിച്ചറിയപ്പെടാതെ പോകുകയോ ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്ക് ബലമേകി വീണ്ടും തെളിവുകള്‍ പുറത്തുവന്നു.

ദ ലാന്‍സെറ്റ് തമിഴ്‌നാട്ടിലെ മധുര നഗരത്തിലെ കണക്കുകള്‍ സംബന്ധിച്ച് നടത്തിയ വിശകലനത്തിലാണ് ആശങ്കാജനകമായ വിവരങ്ങള്‍. ആദ്യതരംഗമുണ്ടായ 2020ല്‍ മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മധുരയില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയിട്ടും വളരെ ചെറിയ ശതമാനം രോഗബാധ മാത്രമാണ് കണ്ടെത്താനായത്. 17 ലക്ഷത്തിലധികം ജനങ്ങളുള്ള മധുരയില്‍ 73,700 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള എട്ടാമത്തെ ജില്ലയാണ് മധുര. മെയ് 20 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 4,40,000 ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് മധുരയില്‍ നടന്നത്.

2020 മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മധുര നഗരത്തില്‍ നൂറ് പേരില്‍ 13.5 പേര്‍ക്കും കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നുവെന്നാണ് കണക്കുകള്‍. ഇതേസമയം ദേശീയതലത്തില്‍ നൂറു പേരില്‍ 7.9 പരിശോധനകള്‍ മാത്രമാണ് നടന്നിരുന്നത്. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ നടന്ന സിറോ സര്‍വേയില്‍ കണ്ടെത്തിയ രോഗബാധകളില്‍ 1.4 ശതമാനം മാത്രമാണ് മധുരയില്‍ നടത്തിയ പരിശോധനകള്‍ കണ്ടെത്തിയത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ മറ്റുള്ള പ്രദേശങ്ങളിലും ആകെയുള്ള രോഗബാധയില്‍ നിന്ന് വളരെകുറവ് എണ്ണം മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ദ ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നത്.

രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ മരണങ്ങളും മധുരയില്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ചുള്ള മരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ 11 ശതമാനം മരണങ്ങള്‍ മാത്രമാണെന്നും ലാന്‍സെറ്റ് അഭിപ്രായപ്പെടുന്നു.

Eng­lish sum­ma­ry: The Lancet states report on Mas­sive Under­count­ing Of Indi­a’s Cas­es, Deaths

You may also like this video:

Exit mobile version