Site iconSite icon Janayugom Online

മഹാകുംഭമേള ബിജെപിയില്‍ പുതിയ പോര്‍മുഖം തുറന്നു

പ്രയാഗ്‌രാജിലെ മഹാകുംഭമേള സമാപിച്ചതിന് പിന്നാലെ ബിജെപിയില്‍ പുതിയ പോര്‍മുഖം തുറന്ന് മോഡി — അമിത് ഷാ- ആദിത്യനാഥ് ത്രയം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രഭാവം നഷ്ടപ്പെട്ട നരേന്ദ്ര മോഡി, മഹാകുംഭമേളയുടെ പേരില്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ നടത്തുന്ന നീക്കമാണ് പാര്‍ട്ടിക്കുള്ളില്‍ പിന്തുടര്‍ച്ചാവകാശ തര്‍ക്കത്തിനിടയാക്കിയിരി‌ക്കുന്നത്. മേളയുടെ വിജയം ആര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ആദിത്യനാഥിന്റെ നിലപാടാണ് അധികാര തര്‍ക്കത്തിന് വിത്തുപാകിയത്. മോഡിയുടെ പിന്‍ഗാമിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമിത് ഷാ നേതൃപദവി ലക്ഷ്യമിട്ട് കരുക്കള്‍ നീക്കാന്‍ ശ്രമം ആരംഭിച്ചതോടെ ഗോദയില്‍ മൂന്നുപേരുടെ ശക്തി പരീക്ഷണമാണ് നടക്കുന്നത്. 

2024ല്‍ ബിജെപി തനിച്ച് 400 സീറ്റ് ഉറപ്പിക്കുമെന്ന സ്വപ്നം കൊഴിഞ്ഞതും, ഘടകകക്ഷികളുടെ തോളിലേറിയുള്ള പ്രധാനമന്ത്രി പദവിയും മോഡിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് വരുത്തിയെന്ന് അദ്ദേഹത്തോടൊപ്പം നിന്നവര്‍ തന്നെ വിലയിരുത്തുന്നു. ഇത് മറികടക്കാനാണ് മഹാകംഭമേളയെ മോഡി പ്രധാന ആയുധമാക്കുന്നത്. കുംഭമേളയുടെ പേരില്‍ പുറത്തിറക്കിയ എല്ലാ പരസ്യങ്ങളിലും മോഡി ചിത്രത്തിനാണ് പ്രാധാന്യം നല്‍കിയത്. കൂറ്റന്‍ പരസ്യ ബോര്‍ഡുകളാണ് മോഡിയുടെ പേരില്‍ പ്രയാഗ്‌രാജിലൂടനീളം സ്ഥാപിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തികേന്ദ്രമായ യുപിയില്‍ പാര്‍ട്ടിയുടെ പ്രകടനം ശരാശരിയില്‍ താഴെയായത് മോഡി — ആദിത്യനാഥ് ഭിന്നത രൂക്ഷമാകുന്നതിനും മുഖ്യമന്ത്രിക്കെതിരെ വിമത നീക്കം ശക്തമാകുന്നതിനും ഇടയാക്കിയിരുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഇടപെട്ടതോടെയാണ് വിമത നീക്കം ശാന്തമായത്. 2013ല്‍ നടന്ന മഹാകുംഭമേളയുടെ തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി അധികാരത്തില്‍ വന്നത്. ബിജെപി ഭരണത്തിനും മോഡിയുടെ ഉയര്‍ച്ചയ്ക്കും വഴിമരുന്നിട്ട മഹാകുംഭമേളയ്ക്ക് ശേഷം 2025ല്‍ അവസാനിച്ച പ്രയാഗ്‌രാജിലെ മേള പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ കാണാത്ത ബലപരീക്ഷണത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മഹാകുംഭമേളയ്ക്ക് പിന്നാലെ മോഡിയെ വെല്ലുന്ന തരത്തില്‍ ആദിത്യനാഥ് അപ്രമാദിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മോഡിക്ക് ശേഷം അമിത് ഷായെന്ന തരത്തിലുള്ള പ്രചരണം തല്ലിക്കെടുത്താനും കുംഭമേളയെ ആദിത്യനാഥ് ആയുധമാക്കി. മോഡിക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് താന്‍ യോഗ്യനാണ് എന്ന് പറയാതെ പറയാനും ആദിത്യനാഥ് മുതിര്‍ന്നിട്ടുണ്ട്.

Exit mobile version