തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പിണങ്ങി നിൽക്കുന്ന ഏക്‌നാഥ് ഷിൻഡെ ഇന്നലെയും മുംബൈയിലേക്ക് മടങ്ങിയെത്തില്ല. തൊണ്ടയ്ക്ക് വേദനയായതിനാല്‍ അദ്ദേഹം ജന്മനാടായ സത്താറയിലെ വസതിയില്‍ തുടരുകയായിരുന്നു. ഇക്കാരണത്താല്‍ ഇന്നലെയും മുന്നണി യോഗം ചേരാനായില്ല. ഇതോടെ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള ബിജെപി എംഎൽഎമാരുടെ യോഗവും ഇന്നത്തേക്ക് മാറ്റി. വിജയ് രൂപാണി, നിർമ്മലാ സീതാരാമന്‍ എന്നിവരെയാണ് ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാ ബിജെപി എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താന്‍ എന്‍സിപി നേതാവ് അജിത് പവാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
ആഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രിപദം എന്ന നിലപാടിൽ നിന്ന് ഷിൻഡേ പിന്നോട്ട് പോയിട്ടില്ലെന്ന് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. മകനെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരണമെന്നതിലും ഉറച്ചുനില്‍ക്കുന്നു. നിലവിൽ കല്യാണിൽ നിന്നുള്ള എംപിയാണ് മകൻ ശ്രീകാന്ത് ഷിൻഡെ. അതേസമയം സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനത്തിനും വേണ്ടി താൻ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രമന്ത്രിസഭയിൽ അംഗമാകാൻ നേരത്തെ അവസരം ലഭിച്ചിരുന്നു, എന്നാൽ പാർട്ടി സംഘടനയ്ക്കായി പ്രവർത്തിക്കാൻ തെരഞ്ഞെടുത്തുവെന്നും ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു. മക്കള്‍ രാഷ്ട്രീയത്തിനെതിരായ നിലപാട് ദുര്‍ബലപ്പെടുത്തുമെന്ന വാദമാണ് ബിജെപി ശ്രീകാന്ത് ഷിന്‍ഡെക്കെതിരെ മുന്നോട്ടുവയ്ക്കുന്നത്.
മഹാരാഷ്ട്രയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ഹേമന്ത് സൊരേന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ അവിടെയും മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയില്‍ തുടരുകയാണ്. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി പദം എന്ന് തത്വത്തോട് കോണ്‍ഗ്രസിന് അതൃപ്തിയാണ്. ജെഎംഎമ്മിലും മന്ത്രി പദത്തിലേക്ക് ആരെ പരിഗണിക്കണം എന്നതില്‍ തീരുമാനം ആയിട്ടില്ല.