കായംകുളം കരിയിലക്കുളങ്ങരയ്ക്ക് സമീപം കണ്ടെയ്നറില്‍ നിന്നും മൂന്നര കോടി രൂപ തട്ടിയ സംഘത്തിലെ പ്രധാനികള്‍ തമിഴ് നാട്ടില്‍ നിന്നുള്ള ബിജെപി നേതാക്കള്‍. ഇവരെ സംസ്ഥാന പൊലീസ് ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞമാസം 13ന് പുലർച്ചയാണ് ഹരിപ്പാടിന് സമീപം ദേശീയപാതയിൽ സിനിമ സ്റ്റൈലിൽ മൂന്നര കോടി രൂപ കവർന്നത്.
രണ്ട് കാറുകളിലായി എത്തിയ തമിഴ്നാട് സംഘം റോഡിന് കുറകെ വാഹനം തടഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. യാതൊരുവിധ തെളിവുകളും അവശേഷിക്കാതെയാണ് പ്രതികൾ രക്ഷപ്പെട്ടത്. എന്നാൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അന്വേഷണം ഏറ്റെടുത്ത് പ്രത്യേക ആലപ്പി സ്ക്വാഡിനെ തമിഴ്നാട്ടിലേക്ക് അയച്ചു. 4 പേർ അടങ്ങുന്ന ഈ സംഘമാണ് കഴിഞ്ഞ മൂന്നാഴ്ചയിൽ അധികമായി തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്തുകൊണ്ട് പ്രതികളെ പിടികൂടിയത്.ഇതിലെ രണ്ട് പ്രധാന പ്രതികൾ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന ഭാരവാഹികളാണ്.
തിരുവാരൂർ ജില്ലയിലെ ദുരൈ അരസു, തിരുവാരൂർ നഗരത്തിന്റെ മുൻ ജനറൽ സെക്രട്ടറി എസ് ശ്രീരാം എന്നിവരെയാണ് പിടികൂടിയത്. ഇവരെ പിടികൂടിയതിന് തൊട്ടുപിന്നാലെ ഇവരെ പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ പത്രക്കുറിപ്പും ഇറങ്ങി. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിൽ അതിവരഹസ്യമായി എത്തി രാത്രികാലങ്ങളിൽ പ്രതികളുമായി ഇവർ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ പലപ്പോഴും പൊലീസ് വാഹനം തടഞ്ഞുവരെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു. ഈ ഭീഷണികളെയും കയ്യേറ്റങ്ങളെയും മനോധൈര്യം കൊണ്ട് ചെറുത്ത് തോൽപ്പിച്ചാണ് കേരള പൊലീസ് കവർച്ചാ സംഘത്തെ കേരളത്തിലെത്തിച്ചിരിക്കുന്നത്.

