പട്ടാപ്പകല്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി ആറു പവന്റെ മാലയും പണവും കവര്‍ന്നു. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ്(73) കൊല്ലപ്പെട്ടത്. മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് എന്ന കട നടത്തുകയാണ് ജോര്‍ജ്. സ്വന്തം കെട്ടിടത്തിലാണ് കട പ്രവര്‍ത്തിക്കുന്നത്. കടയ്ക്കുളളില്‍ സിസിടിവിയുണ്ട്. പക്ഷേ, ഇത് ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ട നിലയിലാണ്. ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നിരിക്കുന്നത്. കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണവും നഷ്ടമായി.
ജോര്‍ജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ചെറുമകന്‍ വൈകിട്ട് അഞ്ചരയോടെ എത്തുമ്പോഴാണ് കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും മൃതദേഹം കാണപ്പെട്ടത്. കടയിലെ സാധനങ്ങള്‍ പുറത്തേക്ക് ഇറക്കി വച്ചിരിക്കുകയാണ്. കടയുടെ ഉള്‍വശത്ത് ധാരാളം സ്ഥലമുണ്ട്. പുറമേ നിന്ന് നോക്കിയാല്‍ കടയില്‍ എന്തു നടക്കുന്നുവെന്ന് അറിയാന്‍ കഴിയില്ല. മകന്‍ ഷാജി ജോര്‍ജ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ നിലവിലെ സെക്രട്ടറിയാണ്. പ്രഫഷണല്‍ മോഷ്ടാക്കളാണ് പിന്നിലെന്ന് കരുതുന്നു.
ജോര്‍ജിന്റെ ഭാര്യ അന്നമ്മ. രണ്ട് ആണ്‍മക്കളുണ്ട്. മൂത്തമകന്‍ സുരേഷ് ജോര്‍ജ് പ്രവാസിയാണ്. നിലവില്‍ ഇദ്ദേഹം നാട്ടിലുണ്ട്. ഇവര്‍ക്കൊപ്പമായിരുന്നു ജോര്‍ജിന്റെ താമസം.
English Summary: the merchant was kil led inside the shop and robbed gold
You may also like this video