Site iconSite icon Janayugom Online

സൈനിക ക്ഷാമം രൂക്ഷം

കരസേന നേരിടുന്ന രൂക്ഷമായ സൈനിക ക്ഷാമം പരിഹരിക്കുന്നതിനായി അഗ്നിവീർ നിയമനങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനം. പ്രതിവർഷം 45,000 മുതൽ 50,000 വരെയായിരുന്ന റിക്രൂട്ട്‌മെന്റ് ഒരു ലക്ഷമായി ഉയർത്താനാണ് നീക്കം. ഇതിനായി പ്രതിരോധ മന്ത്രാലയം കരസേനയ്ക്ക് അനുമതി നൽകിയതായാണ് റിപ്പോർട്ട്.
നിലവിൽ കരസേനയിൽ മാത്രം 1.08 ലക്ഷം സൈനികരുടെ കുറവുണ്ടെന്നാണ് കണക്കുകൾ. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 2020–21 കാലയളവിൽ റിക്രൂട്ട്‌മെന്റ് റാലികൾ പൂർണമായും നിർത്തിവെച്ചിരുന്നു. ഇത് വലിയൊരു വിടവ് സൃഷ്ടിച്ചു. കൂടാതെ, ഓരോ വർഷവും ശരാശരി 60,000 മുതൽ 65,000 വരെ സൈനികർ സർവീസിൽ നിന്ന് വിരമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അംഗബലം നിലനിർത്താൻ കൂടുതൽ നിയമനങ്ങൾ അനിവാര്യമാണെന്ന് സേന വിലയിരുത്തുന്നു.
2022 ജൂണിലാണ് കേന്ദ്ര സർക്കാർ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ അഗ്നിപഥ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിലൂടെ സൈനിക സേവനത്തിലേക്ക് കരാര്‍ വ്യവസ്ഥ കൊണ്ടുവരുകയായിരുന്നു. 2022‑ൽ 46,000 പേരെയാണ് ആകെ നിയമിച്ചത്. കരസേന‑40,000, നാവിക‑വ്യോമ സേനകൾ- 6,000 എന്നിങ്ങനെയാണ് കണക്കുകള്‍. നാല് വർഷത്തെ സേവനത്തിന് ശേഷം ആദ്യ ബാച്ച് അഗ്നിവീറുകൾ 2026 ഡിസംബറോടെ പിരിഞ്ഞുപോകും. നിലവിലെ വ്യവസ്ഥയനുസരിച്ച് ഇതിൽ 25 ശതമാനം പേർക്ക് മാത്രമേ തുടർനിയമനം ലഭിക്കുകയുള്ളൂ. ബാക്കിയുള്ളവർ പുറത്തുപോകുന്നതോടെ സേനയിൽ വീണ്ടും ആളെണ്ണം കുറയും. ഇത് മറികടക്കാനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യം ഒരു ലക്ഷമാക്കി ഉയർത്തുന്നത്.
അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയതോടെ ഹ്രസ്വകാല സേവനവും പെൻഷൻ ആനുകൂല്യങ്ങളുടെ അഭാവവും കാരണം യുവാക്കൾ സൈനിക സേവനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയുണ്ടായി. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സേനയിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞു. നാല് വർഷത്തിന് ശേഷം ഭൂരിഭാഗം പേരെയും പിരിച്ചുവിടുന്ന രീതിക്കെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇത്തരത്തില്‍ സൈനിക സേവനം ആകര്‍ഷകമല്ലാതെ വന്നതോടെ യുവജനങ്ങള്‍ മറ്റ് തൊഴില്‍തേടി പോയി. ഈ സാഹചര്യത്തിൽ, സ്ഥിരനിയമനം നൽകുന്നവരുടെ ശതമാനം വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്.

Exit mobile version