Site iconSite icon Janayugom Online

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി

കഴക്കൂട്ടത്ത് നിന്ന് ചൊവ്വാഴ്ച കാണാതായ അസം സ്വദേശിനിയായ 13കാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. ഇന്ന് രാത്രിയാണ് കുട്ടിയെ കണ്ടെത്തിയത്. ചെന്നൈയില്‍ ട്രെയിന്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് അങ്ങോട്ട് തിരിച്ചിരുന്നു. ഇന്ന് രാവിലെ 10.45ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട ഗുവാഹട്ടി എക്സ്പ്രസില്‍ പെണ്‍കുട്ടി കയറിയിട്ടുണ്ട് എന്ന് സംശയമുണ്ടായിരുന്നു. ചെന്നൈ — എഗ്മൂര്‍ എക്സ്പ്രസില്‍ കുട്ടി കയറിയെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

കുട്ടിയെ കാണാതായതുമുതല്‍ ഊര്‍ജിതമായ തിരച്ചിലാണ് പൊലീസ് നടത്തിയത്. കഴക്കൂട്ടത്തെ അതിഥിത്തൊഴിലാളിയുടെ മകളെ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കാണാതായത്. കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി. റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ തെളിവുകൾ സിസിടിവിയിൽനിന്ന് ആർപിഎഫ് സംഘത്തിന് ലഭിച്ചെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമായില്ല. 

ചൊവ്വാഴ്ച രാവിലെ വീട്ടുകാരോട് പിണങ്ങിയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ദൃശ്യം പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് വഴിത്തിരിവായി.
ട്രെയിന്‍ യാത്രയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി പകർത്തിയ ചിത്രമാണ് തിരച്ചിലിന് സഹായകമായത്. ചിത്രത്തിലുള്ള പെണ്‍കുട്ടി മകൾ തന്നെ ആണെന്ന് അച്ഛൻ സ്ഥിരീകരിച്ചതോടെയാണ് പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചത്.
ആറ് മണിക്കൂറോളം ഇവിടെ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് നാഗര്‍കോവിലിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഒരു മാസമായി കഴക്കൂട്ടത്ത് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. 

Exit mobile version