Site iconSite icon Janayugom Online

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് തൂങ്ങി മരിച്ചനിലയിൽ

പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്പറ്റ ഒളമതിൽ ആലുങ്ങാപറമ്പിൽ ജസികുമാറിന്റെ ഭാര്യയും ചെറിയ കുഞ്ഞൻ‑കാർത്യായനി ദമ്പതികളുടെ മകളുമായ മിനി (45) ആണ് തൂങ്ങിമരിച്ചത്. മൂന്നുമാസം പ്രായമുള്ള ഏക മകൻ അദ്രിദേവിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിലും കണ്ടെത്തി. 

വ്യാഴാഴ്ച പുലർച്ച നാലരയോടെയാണ് സംഭവം. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മിനി, തൂങ്ങി മരിച്ചെന്നാണ് കരുതുന്നത്. പുലർച്ചെ ഉണര്‍ന്ന കുടുംബാംഗങ്ങള്‍ ഇരുവരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ സഹോദരന്റെ ഭാര്യയാണ് മിനിയെ ശുചിമുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടത്. തൊട്ടടുത്ത് ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കുട്ടിയെയും കണ്ടെത്തി.
വീട്ടുകാരുടെ നിലവിളി കേട്ട് സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവർ ഓടിയെത്തി മിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണിന് കാഴ്ച കുറഞ്ഞുവരുന്നതിനാൽ കുട്ടിയെ നോക്കാൻ പ്രയാസമുണ്ടെന്നും അതിനാലാണ് മരിക്കുന്നതെന്നും കാണിച്ച് മിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഇരു മൃതദേഹങ്ങളും പുല്പറ്റ പാലക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിജേഷ്, പുഷ്പ എന്നിവരാണ് മിനിയുടെ സഹോദരങ്ങൾ.

Exit mobile version