Site icon Janayugom Online

വഞ്ചനാ കുടിശികക്കാരെ നേരിടാന്‍ വല ഒരുങ്ങുന്നു

ബാങ്കുകളില്‍ നിന്ന് വന്‍തുകകള്‍ വായ്പയെടുത്ത് മനഃപൂർവം കുടിശിക വരുത്തുന്നവരെ നേരിടാന്‍ നടപടികള്‍ ശക്തമാക്കി റിസര്‍വ് ബാങ്ക്. ‘വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍‘മാരെ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പരിഷ്കരണങ്ങൾ നിർദേശിച്ചുകൊണ്ട് കരട് രേഖ പുറത്തിറക്കി.
രാജ്യത്ത് വായ്പാതട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ നടപടി. നേരത്തെ പുറത്തിറക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വന്‍കിട ബാങ്ക് കുടിശികക്കാര്‍ക്ക് സഹായകരമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
വഞ്ചനാ കുടിശികക്കാരുടെ നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ഇനി മുതല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇത്തരം കുടിശികക്കാരെ കണ്ടെത്തണം. ഒരു വായ്പാ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തിയാല്‍ ആറ് മാസത്തിനുള്ളിൽ വില്‍ഫുള്‍ ഡിഫോള്‍ട്ടറാണോയെന്ന് അന്തിമമായി പ്രഖ്യാപിക്കണം. നിലവിലുള്ള ചട്ടങ്ങളിൽ സമയപരിധി ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമനടപടിയിലേക്ക് കടന്നിട്ടുണ്ടോ എന്ന വിവരങ്ങളും പ്രതിമാസ റിപ്പോര്‍ട്ടായി ആര്‍ബിഐക്ക് സമര്‍പ്പിക്കണം.

25 ലക്ഷം രൂപയോ അതിൽ കൂടുതലോ കുടിശികയുള്ള അക്കൗണ്ടുകള്‍ ‘വിൽഫുൾ ഡിഫോൾട്ട്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകും. ഒരു കോടിക്ക് മുകളിലുള്ള വായ്പകളെ വന്‍ കുടിശികക്കാരായും തരംതിരിക്കും. അക്കൗണ്ടിനെ തട്ടിപ്പായി തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുക്കുന്നവര്‍ക്ക് തങ്ങളുടെ വാദം അറിയിക്കാന്‍ അവസരം നല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 15 ദിവസമെങ്കിലും നല്‍കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പറയുന്നു.
വായ്പാതിരിച്ചടവില്‍ മനഃപൂർവം വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ ഒരു സമിതി ഉണ്ടായിരിക്കണം. സമിതിയുടെ കണ്ടെത്തലുകള്‍ വിലയിരുത്തുന്നതിനായി അവലോകന സമിതിയും രൂപീകരിക്കണം.

വായ്പ അനുവദിച്ച ഉദ്യോഗസ്ഥന്‍ സമിതികളുടെ അധ്യക്ഷനാകാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്. വീഴ്ചവരുത്തിയവരുടെ പട്ടികയിൽ നിന്ന് ഒരു പേര് നീക്കം ചെയ്യുന്നതിനുള്ള സാധ്യതയും നടപടിക്രമങ്ങളും ഉള്‍പ്പെടുത്തി. കിട്ടാക്കടം കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ബാങ്കുകളുടെ ലാഭക്ഷമതയെ ഇത് പ്രതികൂലമായി ബാധിക്കുന്നു. വായ്‌പ തിരിച്ചടയ്ക്കാന്‍ മനഃപൂര്‍വം വിമുഖത കാട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.

ബാങ്ക് സേവനങ്ങള്‍ വിലക്കും

വായ്പാ തുക തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും തിരിച്ചടവ് നടത്താത്തവരെയാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ ആയി പ്രഖ്യാപിക്കുക. ഇത്തരക്കാര്‍ക്ക് പിന്നീട് ഒരു ബാങ്കില്‍ നിന്നും വായ‌്പകള്‍ ലഭിക്കില്ല. കൂടാതെ കമ്പനി പദവികളൊന്നും വഹിക്കാനും കഴിയില്ല. ക്രെഡിറ്റ് സൗകര്യം പുനഃക്രമീകരിക്കാനും അർഹതയുണ്ടായിരിക്കില്ല. ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും ബാങ്കുകള്‍ക്ക് കഴിയും.

50 പേരുടെ കുടിശിക 92,570 കോടി

ആദ്യത്തെ 50 വഞ്ചനാ കുടിശികക്കാര്‍ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 92,570 കോടി. കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വജ്രവ്യാപാരി മെഹുല്‍ ചോക്സിയാണ് പട്ടികയില്‍ മുന്നില്‍-7,848 കോടി രൂപ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുണ്ട്.

ഇറ ഇന്‍ഫ്ര (5,879 കോടി), റെയ്ഗോ അഗ്രോ (4,803 കോടി), കോണ്‍കാസ്റ്റ് സ്റ്റീല്‍ (4,596 കോടി), എബിജി ഷിപ്‌യാഡ്, (3,708 കോടി), ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍ (3,311 കോടി), വിന്‍സം ഡയമണ്ട്സ് ആന്റ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബല്‍ (2,893 കോടി), കോസ്റ്റല്‍ പ്രോജക്ട്സ് (2,311 കോടി), സൂം ഡെവലപ്പേഴ്സ് (2,147 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

Eng­lish Summary:The net­work is gear­ing up to deal with fraud­u­lent borrowers
You may also like this video

Exit mobile version