വിവിധ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിലും ഭീഷണികളിലും പതറാതെ ബിജെപിക്ക് ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ ഉറച്ച് പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത് യോഗം തുടങ്ങി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിയത്. ജൂണ്‍ 23ന് പട്നയില്‍ നടന്ന ആദ്യയോഗത്തില്‍ 17 പാര്‍ട്ടി നേതാക്കളാണ് പങ്കെടുത്തിരുന്നത്.
ആദ്യദിനം അനൗപചാരിക കൂടിക്കാഴ്ചകളുടേതായിരുന്നു. ഇന്നാണ് നിര്‍ണായക ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാവുക. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് നാലുവരെയാണ് യോഗം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അഞ്ച് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രധാനനേതാക്കള്‍ ഇന്നലെ എത്തി. എൻസിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും ഇന്നെത്തും. ഡല്‍ഹി ഓർഡിനൻസിനെതിരെ നിലപാടെടുത്തതോടെ യോഗത്തിനെത്തുന്ന ആം ആദ്മി പാർട്ടിയുടെ നിലപാട് നിർണായകമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യം, സീറ്റ് പങ്കിടൽ, സഖ്യത്തിന്റെ പേര് എന്നിവയാണ് മുഖ്യ അജണ്ട. ഏകീകൃത വ്യക്തിനിയമം, മണിപ്പൂർ കലാപം, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്, പ്രതിപക്ഷ പാർട്ടികളെ തകർക്കാനുള്ള ബിജെപി തന്ത്രം, അതിന്റെ പ്രതിരോധം എന്നിവ യോഗം ചർച്ച ചെയ്യും. അതോടൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങൾക്കിടയിൽ ഉയർത്തേണ്ട വിഷയങ്ങളും ചർച്ചയാകും.
പ്രതിപക്ഷ യോഗം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തമിഴ്‌നാട്ടിലുള്‍പ്പെടെ ഇഡി റെയ്‍ഡുകൾ നടത്തിയത് ദേശീയ തലത്തിൽ ഉന്നയിക്കാൻ ധാരണയുണ്ടാകും. രാജ്യത്ത് ഇഡി രാജാണെന്നും, പ്രതിപക്ഷ ഐക്യം കണ്ട് വിറളിപിടിച്ചാണ് തിടുക്കത്തില്‍ എൻഡിഎ യോഗം വിളിച്ചിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതൊക്കെ എങ്ങിനെ നേരിടണമെന്ന് അറിയുമെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണം.
പ്രതിപക്ഷ ഐക്യനീക്കം ശക്തമായി മുന്നോട്ടുപോകുന്നത് ആശങ്ക സൃഷ്ടിച്ച ബിജെപി ഇന്ന് എന്‍ഡിഎ യോഗം വിളിച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ വിളിച്ച യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനാകും. 38 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ജെപി നഡ്ഡ അറിയിച്ചു.
2024 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ഇതിനായി പ്രാദേശിക പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്താനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞു.
English Summary: The opposition is firm in its fight against the BJP
You may also like this video