Site iconSite icon Janayugom Online

കേന്ദ്ര കുടിവെള്ള പദ്ധതിയില്‍ ക്രമക്കേടെന്ന് പാര്‍ലമെന്ററി സമിതി

ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നതായി പാര്‍ലമെന്ററി സമിതി. ഗ്രാമീണ വികസനം-പഞ്ചായത്തീരാജ് മന്ത്രാലയം പാര്‍ലമെന്ററി സമിതിയാണ് വിഷയത്തില്‍ ജല്‍ശക്തി മന്ത്രാലയത്തിനെതിരെ രംഗത്തുവന്നത്.
പൈപ്പ് കണക്ഷന്‍ സ്ഥാപിച്ചിട്ടും പല സംസ്ഥാനങ്ങളിലും ശുദ്ധജലം എത്തിക്കാന്‍ ജല്‍ശക്തി മന്ത്രാലയം ആവശ്യമായ നടപടി സ്വീകരിച്ചില്ല. വറ്റുന്ന ജലസ്രോതസുകള്‍ക്ക് പകരം ക്രമീകരണം ഏര്‍പ്പെടുത്തുന്നതിലും പരാജയപ്പെട്ടു. ഗ്രാമീണ മേഖലയിലെ ഭൂരിപക്ഷം വീടുകളിലും കണക്ഷന്‍ ലഭ്യമാക്കിയെന്നത് കടലാസില്‍ മാത്രം അവശേഷിക്കുകയാണ്. ഗുണഭോക്താക്കളുടെ ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയാണ് കണക്ഷന്‍ നല്‍കിയതെങ്കിലും വ്യാപകമായ അഴിമതിയും ക്രമക്കേടും നടന്നതായി സമിതിയിലെ ബിജെപി എംപി ആരോപിച്ചു. ഒരിക്കലും പൈപ്പ് വെള്ളം ലഭിക്കാത്ത ആയിരക്കണക്കിന് ഗുണഭോക്താക്കളുടെ വീടുകള്‍ ഫീല്‍ഡ് സന്ദര്‍ശനത്തില്‍ നേരിട്ട് കണ്ടതായും അദ്ദേഹം പറഞ്ഞു. 

കരാറുകാരും ജല്‍ജീവന്‍ മിഷന്‍ ഉദ്യോഗസ്ഥരുമാണ് ക്രമക്കേടും അഴിമതിയും നടത്തുന്നത്. ജല്‍ജീവന്‍ മിഷന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയ ഗുണഭോതാക്കള്‍ക്ക് വെള്ളം ലഭിച്ചോ എന്ന് പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തി. കൃത്യമായ പഠനം നടത്തി ജലലഭ്യത ഉറപ്പാക്കി വേണം പദ്ധതി ആരംഭിക്കാനെന്ന സാമാന്യതത്വം പോലും ഉദ്യോഗസ്ഥര്‍ കാറ്റില്‍പ്പറത്തിയെന്നും സമിതി കുറ്റപ്പെടുത്തി. 

വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാതെയാണ് പല സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിച്ചത്. മോട്ടോര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കിയതിന് പിന്നാലെ ജലസ്രോതസ് വറ്റിപ്പോകുന്ന നിരവധി കേസുകള്‍ സമിതി കണ്ടു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് എംപി പറഞ്ഞു.
ഗ്രാമങ്ങളിലെ ശൗചാലയ നിര്‍മ്മാണത്തിന് അനുവദിക്കുന്ന 12,000 രൂപ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി ഗ്രാമീണ വികസന-പഞ്ചായത്തീരാജ് മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടു. 

Exit mobile version