മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. രാഷ്ട്രീയ പ്രേരിത മാണെന്ന വാദം ശരിവയ്ക്കുന്നതാണ് വാദങ്ങളെന്ന് പരാമർശിച്ചാണ് ജഡ്ജി എം വി രാജകുമാര ഹര്‍ജി തള്ളിയത്. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കുഴൽനാടന് സാധിച്ചില്ലെന്നും കോടതിയുടെ ചോദ്യങ്ങൾക്ക് തെളിവുകൾ നൽകാനായില്ലെന്നും വിധിയിൽ പറയുന്നു.
പ്രഥമദൃഷ്ട്യാ തെളിവില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. സിഎംആർഎല്ലിനെ സഹായിക്കാൻ വഴിവിട്ട ഇടപെടലുണ്ടായെന്നും പ്രതിഫലമായി വീണയുടെ കമ്പനിക്ക് പണം നൽകിയെന്നുമാണ് ഹർജിക്കാരൻ ആരോപിച്ചത്. രേഖകൾ മുഴുവൻ പരിശോധിച്ചിട്ടും ഈ ആരോപണം സാധൂകരിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിൽ യാതൊരു കരാറുകളുമില്ല. കോടതി പലതവണ ചോദിച്ചിട്ടും ഇത് നൽകാൻ ഹർജിക്കാരനായില്ല.
കെആർഇഎംഎല്ലിന് ഭൂപരിധി ഇളവ് നൽകാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നായിരുന്നു ഹർജിക്കാരന്റെ മറ്റൊരാക്ഷേപം. ഇത് വസ്തുതാപരമല്ല. അപേക്ഷയിൽ ‘ഉചിതമായ നടപടിക്ക്’ എന്ന് മുഖ്യമന്ത്രി കുറിപ്പെഴുതിയെന്നതാണ് ആരോപണത്തിനാധാരം. ഏതപേക്ഷയിലുമുള്ള സാധാരണ നടപടി മാത്രമാണിത്. ഈ അപേക്ഷ സർക്കാർ തള്ളി. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലും അനുമതി നിഷേധിച്ചു. സർക്കാർ സഹായമൊന്നും കമ്പനിക്ക് കിട്ടിയിട്ടില്ല.
കേസ് വിധി പറയാൻ മാറ്റിയപ്പോൾ പുനഃപരിശോധിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടില്ല. ഈ ഘട്ടത്തിൽ കോടതി മൂന്ന് സുപ്രധാന ചോദ്യങ്ങളുന്നയിച്ചിരുന്നു. കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോ, എക്സാലോജിക് കമ്പനിക്കും വീണയ്ക്കും പണം നൽകിയതിന്റെ പേരിൽ സിഎംആർഎല്ലിന് പ്രത്യുപകാരം ലഭിച്ചോ, ഭൂപരിധിയിൽ സർക്കാർ ഇളവ് നൽകിയോ എന്നീ ചോദ്യങ്ങൾക്ക് കേസ് പുനഃപരിശോധനാ വേളയിലും ഹർജിക്കാരൻ തെളിവ് നൽകിയില്ല.
കമ്പനിയിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമ സ്ഥാപനങ്ങളും പൊലീസും പണം വാങ്ങിയിട്ടുണ്ടെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, മുഖ്യമന്ത്രിയും മകളും ഒഴികെ മറ്റാർക്കുമെതിരെ ഹർജിക്കാരന് പരാതിയില്ല. രാഷ്ട്രീയ പ്രേരിതമെന്ന വാദം ശക്തിപ്പെടുത്തുന്നതാണ് ഹർജിയെന്നും വിധിയിൽ പറയുന്നു. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൽ ആർ രഞ്ജിത് ഹാജരായി.
English Summary: The petition against the Chief Minister and his daughter was rejected
You may also like this video