Site icon Janayugom Online

ഗവർണർമാർക്ക് എതിരെയുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

നിയമസഭ പാസാക്കിയ ബില്ലുകൾ സംസ്ഥാന ഗവർണർമാർ തടഞ്ഞുവയ്ക്കുന്നതിനെതിരെ കേരളവും തമിഴ്‌നാടും സര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഗവര്‍ണര്‍മാരുടെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ പരമോന്നത കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഭരണഘടനാ അനുഛേദം 200 പ്രകാരം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞുവച്ചിരുന്നതെന്ന് കേരളം ഹര്‍ജിയില്‍ പറയുന്നു. അത്യന്തം പൊതുതാല്പര്യമുള്ളതും ക്ഷേമ നടപടികള്‍ക്കുമുള്ള ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിലെ കാലതാമസം ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കലാണ്. 

സമയക്രമത്തിന് കൃത്യതയില്ലാത്തതിനാല്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അനന്തകാലത്തേക്ക് പിടിച്ചുവയ്ക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിലേറെയായി ഗവർണറുടെ പക്കലുണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയം സുപ്രീം കോടതിയിലെത്തിയതിന് പിന്നാലെ ഒരു ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണമായി സ്തംഭിപ്പിക്കുന്ന തികച്ചും ശത്രുതാപരമായ മനോഭാവമാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി സ്വീകരിക്കുന്നതെന്ന് തമിഴ്നാടിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ തമിഴ്നാട് ഗവർണർ തിരിച്ചയച്ച 10 ബില്ലുകൾ കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പാസാക്കി വീണ്ടും അയച്ചിട്ടുണ്ട്. ഇനി ഗവര്‍ണര്‍ക്ക് നിയമത്തില്‍ ഒപ്പിടേണ്ടതായി വരും.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. നേരത്തെ സമാനവിഷയത്തില്‍ ഗവര്‍ണമാരുടെ ഇടപെടലിനെതിരെ പഞ്ചാബ്, തെലങ്കാന സര്‍ക്കാരുകളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Eng­lish Sum­ma­ry: The peti­tions against the gov­er­nors will be heard today
You may also like this video

Exit mobile version