കടവ് ഇല്ലാതായതോടെ രാമങ്കരിയിൽ കടത്തുവള്ളത്തിലെ യാത്ര ദുരിതത്തിൽ. പഞ്ചായത്ത് മൂന്നാം വാർഡിലെ ബോട്ട് ജെട്ടിയോടു ചേർന്നുള്ള പഞ്ചായത്ത് കടത്തു കടവിലാണു നാളുകളായി വള്ളം അടുക്കാൻ പറ്റാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നത്.
നിലവിലുണ്ടായിരുന്ന കടവ് തകർന്നു കിടക്കുന്നതുമൂലം സമീപത്തെ ബോട്ടു ജെട്ടിയിലും മറ്റുമായിട്ടാണു കടത്തുവള്ളം അടുപ്പിച്ച് ആളുകളെ ഇറക്കുന്നത്. സംരക്ഷണ ഭിത്തി തകർന്ന കരിങ്കല്ലുകൾ വെള്ളത്തിൽ കിടക്കുന്നതിനാൽ കരയോടു ചേർന്നു വള്ളം അടുപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
വെളിയനാട് പഞ്ചായത്തിലെ 1, 13, 14 എന്നീ വാർഡുകളിൽ നിന്നുള്ള സ്കൂൾ കുട്ടികൾ അടക്കം ഒട്ടനവധി ആളുകളാണു നിത്യവും കടത്തു വള്ളത്തെ ആശ്രയിക്കുന്നത്. ഇവിടെനിന്നു രാമങ്കരി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു മണിമലയാർ കുറുകെ കടക്കാൻ കടത്തു വള്ളത്തെ ആശ്രയിക്കാതെ മറ്റു മാർഗമില്ല.
കൂടാതെ എസി റോഡിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതിനാൽ ആലപ്പുഴയ്ക്കും മറ്റും പോകാനായി ഒട്ടനവധി ആളുകളും കടത്തുവള്ളത്തെ ആശ്രയിക്കുന്നുണ്ട്. തകർന്നു കിടക്കുന്ന കടവിൽ ഇപ്പോൾ നിർമാണ സാധനങ്ങൾ ഇറക്കിയിട്ടിരിക്കുകയാണ്.
വാഹനം എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്കു വള്ളത്തിൽ കരിങ്കല്ലും മണ്ണും കയറ്റി കൊണ്ടു പോകുന്നതും ഇവിടെ നിന്നാണ്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു കടത്തുവള്ളം സുരക്ഷിതമായി കരയ്ക്ക് അടുപ്പിക്കാൻ സാധിക്കുന്ന വിധം കടവ് പുനർ നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.