യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം. കോഴിക്കോട് വടകരയിലാണ് സംഭവം. പാനൂർ മൊകേരി സ്വദേശി സജീഷാണ് പൊലീസിനെ മർദിച്ചത്. പൊലീസിനെ മർദിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വടകര സ്വദേശിനിയായ യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു സജീഷിനെതിരെയുള്ള പരാതി. വടകര ആശുപത്രിയിൽ പോകാനായാണ് യുവതി സജീഷിൻറെ ഓട്ടോയ്ക്ക് കൈ കാണിച്ചത്. എന്നാൽ വടകര ഭാഗത്തേക്ക് പോകാതെ ഓട്ടോ അപരിചിതമായ മറ്റ് പല ഭാഗങ്ങളിലൂടെയും പോകുകയായിരുന്നു. ഇതോടെ യുവതി ബഹളം വച്ചേതാടെ ആയഞ്ചേരി എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. പിന്നീട് വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സജീഷാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാരെ പ്രതി മർദിക്കുകയായിരുന്നു.
വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

