വിഭജനത്തിന്റെ രാഷ്ട്രീയം കേരളത്തിൽ വിലപോകില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം സെന്ററിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുക്കുകയായിരുന്നു അദ്ദേഹം. വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം ഉണ്ടാക്കുന്ന സംഘപരിവാർ അജണ്ട കേരളത്തിൽ പല ഘട്ടങ്ങളിലും പരീക്ഷിച്ചു നോക്കിയതാണ്. അതെല്ലാം കേരളത്തിലെ ജനങ്ങൾ പരാജയപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയമായും മതപരമായും വംശീയമായും രാജ്യത്തു ഭിന്നിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തു ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അന്ന് ഗുജറാത്തിൽ ആണെങ്കിൽ ഇന്നത് മണിപ്പൂരിലാണ്. കലാപം ഇപ്പോൾ ഹരിയാനയിലേക്കും പടർന്നു കഴിഞ്ഞു.
മതനിരപേക്ഷതയും മറ്റും ഉയർത്തിക്കൊണ്ടു സംഘപരിവാറിന്റെ ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും കെ കെ വത്സരാജ് പറഞ്ഞു. ഓരോ സംഭവ വികാസങ്ങൾ വരുമ്പോൾ അതിനെയെല്ലാം എങ്ങനെ മുതലെടുത്തു ജനങ്ങളെ ഭിന്നിപ്പിച്ചു തങ്ങൾക്കു അനുകൂലമാക്കാമെന്നാണ് ബിജെപിയുടെ ശ്രമം. ഈയടുത്തും ഇത്തരത്തിലുള്ള ശ്രമങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. ശാസ്ത്രത്തെ ശാസ്ത്രമായും വിശ്വാസത്തെ വിശ്വാസമായും കണ്ടാൽ ഒരു വിവാദവും ഇല്ല. ശാസ്ത്രം വളർന്നു കൊണ്ടേയിരിക്കുന്നു. സയൻസിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ സാധിക്കുമോ ?ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ എന്തൊക്കെയാണ് ലോകത്തു നടന്നു കൊണ്ടിരിക്കുന്നത്. ഇത്രയധികം വികാസപ്പെട്ട സയൻസിനെ അംഗീകരിക്കണം. കണ്ടുപിടുത്തങ്ങളൊക്കെ മനുഷ്യന്റെ ജീവിത സാഹചര്യം ഉയർത്താൻ അല്ലെ ! രണ്ടിനെയും രണ്ടായി കണ്ടു അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് കെ എം അനോഗ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം എം എസ് നിഖിൽ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. സത്യാഗ്രഹം അനുഷ്ഠിക്കുന്നവരെ ഇ. ടി. ടൈസൺ മാസ്റ്റർ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ്, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എ ഡി സുദർശനൻ തുടങ്ങിയവർ ഹാരാർപ്പണം നടത്തി. എഎഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി,ജില്ലാ വൈസ് പ്രസിഡന്റ്മാരായ സി കെ ശ്രീരാജ്, ടി ബി വിപിൻ , മണ്ഡലം സെക്രട്ടറി കെഎം ഷിഹാബ്, യുവകലാ സാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഗീത പ്രസാദ് , എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി .മീനൂട്ടി തുടങ്ങിയവർ സംസാരിച്ചു. ഏകദിന സത്യാഗ്രഹ വേദിയിൽ വച്ച് കയ്പമംഗലം മേഖലയിലെ ഹെമുകലാനി യൂണിറ്റ് പ്രസിഡന്റ് ഹരണ്യ വരച്ച ചിത്രം മണ്ഡലം സെക്രട്ടറി കെ എ ഷിഹാബ് ഏറ്റുവാങ്ങി.
English Summary; The politics of division will not work in Kerala; CPI District Secretary KK Vatsaraj
You may also like this video