ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകനെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. കിളിമാനൂർ അടയമൺ വയ്യാറ്റിൻകര മിച്ചഭൂമി കോളനി കുന്നിൽ വീട്ടിൽ പ്രസാദിനെയാണ്(55) തിരുവനന്തപുരം അഡീഷണൽ സെഷൻ 2 ജഡ്‌ജ് രാജേഷ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം ആറ് മാസം അധിക തടവ് അനുഭവിക്കണം. വസ്തു എഴുതി നൽകാത്തതിന്‍റെ പേരിലാണ് കിളിമാനൂർ സ്വദേശിനി രാജമ്മയെ(83) മരുമകനായ പ്രസാദ് കമ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
2014 ഡിസംബർ 26ന് രാത്രിയായിരുന്നു സംഭവം. രാജമ്മയുടെ മകൾ സലീനയുടെ ഭർത്താവാണ് പ്രസാദ്. രണ്ട് ആൺകുട്ടികളുടെ മാതാവായ സലീന വർഷങ്ങൾക്കു മുൻപ് ജീവനൊടുക്കിയിരുന്നു. പ്രസാദും കുട്ടികളും രാജമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ടിവി കണ്ടിരുന്ന രാജമ്മയെ പുറകിലൂടെ എത്തിയ പ്രതി വടികൊണ്ട് തലങ്ങും വിലങ്ങും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

