Site iconSite icon Janayugom Online

ഇരയില്‍ നിന്ന് അതിജീവതയിലേക്കുള്ള ദൂരം: ദ റേപ്പിസ്റ്റിന്റെ പാഠങ്ങള്‍

ബലാല്‍സംഗം ചെയ്ത പ്രതിയെ വിവാഹം കഴിക്കാന്‍ പറ്റുമോ എന്ന് അതിജീവതയോട് ചോദിച്ച ഒരു ഉന്നത നീതിന്യായ പീഠമുള്ള നാട്ടിലേക്കാണ് അപര്‍ണാ സെന്നിന്റെ റേപ്പിസ്റ്റ് കടന്നുവരുന്നത്. ഇരയെന്ന പദത്തില്‍ നിന്ന് അതിജീവതയെന്നു വിളിക്കാന്‍ ശീലിച്ചിട്ട് അധികം നാളായില്ല. റേപ്പിന് വിധേരാകപ്പെടുന്നവര്‍  ഇരയാണെന്ന  പൊതുബോധത്തിന് ഒരു പക്ഷേ അതിജീവിതയെന്ന വിശേഷണം ദഹിക്കണമെന്നില്ല. ദഹിച്ചിട്ടുമില്ല. നിന്നുകൊടുക്കാതെ ഒരു പെണ്ണിനെയും ആരും റേപ്പ് ചെയ്യില്ലെന്ന കൂലംകക്ഷിതമായ പ്രസ്‍താവന മുതല്‍ റേപ്പ് ജോക്ക് വരെ പടച്ചുവിടുന്നത് ഈ ദഹനക്കേടിന്റെ പ്രശ്നമുണ്ടായിട്ടാണ്. പക്ഷേ റേപ്പിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകള്‍ക്കെല്ലാമിടയില്‍ ഒരിക്കലും അഡ്രസ് ചെയ്യപ്പെടാത്ത, ചെയ്യാന്‍ മറന്നുപോകുന്ന ഒരാളാണ് അതിജീവത. ബലാല്‍സംഗത്തെ അതിജീവിച്ച്,സമൂഹത്തിനു മുന്നിലേക്കിറങ്ങുന്ന, മാനസികമായും ശാരീരികമായും മുറിവേറ്റ ഒരുവള്‍ കടന്നു പോകുന്ന  അതിഭീകര ട്രോമകളെ അത്ര തന്നെ തീവ്രതയോട് കൂടി തന്നെ അപര്‍ണ സെന്നിന്റെ ദ റേപ്പിസ്റ്റ്  പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്.

 

 

ബാക്ക് ഡ്രോപ്പ് മുതല്‍ ജസ്റ്റിസ് വരെയുള്ള എട്ട് അധ്യായങ്ങളിലാണ് ദ റേപ്പിസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിനും ഇരയായ ഒരു പെണ്‍കുട്ടിയെ കണ്ടുമടങ്ങുന്ന വഴി, കൊങ്കണ സെന്‍ ശര്‍മ്മ അവതരിപ്പിക്കുന്ന ക്രിമിനല്‍ മനശാസ്ത്ര പ്രൊഫസറായ നെെന എന്ന കഥാപാത്രം ലെെംഗീകമായി ആക്രമിക്കപ്പെടുന്നു.താന്‍ രക്ഷപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ നെെനയ്ക്ക് കഴിയുന്നില്ല. സമൂഹത്തിനെ ഒന്നാകെ വെല്ലുവിളിച്ചുകൊണ്ട് കുറ്റവാളിക്കെതിരെ മൊഴി നല്‍കി നെെന അയാള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുകയാണ്. പക്ഷേ, റേപ്പിസ്റ്റിന് ശിക്ഷ വാങ്ങി കൊടുക്കുക എന്ന പോയിന്റിലല്ല സിനിമ സഞ്ചരിക്കുന്നത്.  എന്തുകൊണ്ട് ഒരാള്‍ റേപ്പിസ്റ്റ് ആയി മാറുന്നു? സിനിമ ആത്യന്തികമായി മുന്നോട്ട് വയ്ക്കുന്ന പ്രമേയതാണ്.  കുറ്റത്തില്‍ പങ്കെടുക്കുന്നവര്‍ മാത്രമല്ല, ആ സംഭവത്തെ കെെകാര്യം ചെയ്യുന്ന ഒരോരുത്തരും റേപ്പിസ്റ്റുകളായി മാറുകയാണ്. അതായത് ‚ഒരു വ്യക്തിയെ മാത്രമല്ല റേപ്പിസ്റ്റ് ആയി സിനിമ ചൂണ്ടിക്കാണിക്കുന്നത്. ഒരാളും റേപ്പിസ്റ്റായി ജനിക്കുന്നില്ലെന്ന് കേന്ദ്ര കഥാപാത്രമായ,റേപ്പിന് വിധേയയായ  നെെന തന്നെ പറയുന്നുണ്ട്. ബലാല്‍ക്കാരത്തിന് വിധേയയായ വ്യക്തിയെ ഏറ്റവും ക്രൂരമായ രീതിയില്‍ സമീപിക്കുക ഒരു പക്ഷേ കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോ, കോടതി മുറികളില്‍ വിചാരണ നടത്തുന്ന അഭിഭാഷകരോ, അതിജീവിതയെ അംഗീകരിക്കാന്‍ കഴിയാത്ത ബന്ധുകളോ,സുഹൃത്തുക്കളോ ആയിരിക്കും. നെെനയും നേരിടുന്നുണ്ട് അത്രയും അപമാനകരമായ സമീപനങ്ങള്‍.

 

 

നെെന മാത്രമല്ല സിനിമയില്‍ റേപ്പ് ചെയ്യപ്പെടുന്നത്. റേപ്പിസ്റ്റിന്റെ അമ്മ പോലും സ്വന്തം ഭര്‍ത്താവിനാല്‍ അതിക്രൂര പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. നെെനയുടെ വീട്ടിലെ ജോലിക്കാരി, റേപ്പ് ചെയ്ത വ്യക്തിയെ വിവാഹം കഴിക്കേണ്ടി വന്ന് അയാളോടുള്ള വെറുപ്പില്‍ ജീവിക്കേണ്ടി വരുന്നവള്‍. എന്തിനേറെ പറയുന്നു റേപ്പിസ്റ്റ് തന്നെ പലപ്പോഴും പീഡനത്തിന് ഇരയാകേണ്ടി വന്നയാളാണ്. പോരാട്ടങ്ങള്‍ക്കിടയിലും താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അതിനെയും നെെന അതിജീവിക്കുന്നുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റേപ്പിസ്റ്റുമായി ഗവേഷണത്തിന്റെ ഭാഗമായി  നിരന്തരം നെെന സംസാരിക്കുന്നുണ്ട്. അയാള്‍ക്ക് മാനസാന്തരം വരുമെന്ന പ്രതീക്ഷയിലല്ല ഒരു ഘട്ടത്തിലും നെെന അയാളോട് സംസാരിക്കുന്നത്. അത്തരമൊരു കുറ്റബോധമോ, പശ്ചാത്താപമോ റേപ്പിസ്റ്റിനുണ്ടാകുന്നില്ല. കൊലമരത്തിലേക്കടുക്കും വരെ ചെയ്തത് തെറ്റാണെന്ന് റേപ്പിസ്റ്റിന് ബോധ്യപ്പെടുന്നില്ല.

 

 

റേപ്പിന് വിധേയരാകപ്പെട്ടവരോട് സമൂഹം വച്ചുപുലര്‍ത്തുന്ന നീതിരഹിതമായ സമീപനങ്ങളുടെ നേരടയാളമാണ് ദ റേപ്പിസ്റ്റ്. റേപ്പ് അടിച്ചേല്‍പ്പിച്ചു കൊടുക്കുന്ന മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ ആവശ്യമാണെന്ന പ്രാഥമിക പാഠമാണ് ദ റേപ്പിസ്റ്റ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. വേട്ടക്കാരനെ നായകവല്കരിക്കുകയും മുദ്രാവാക്യം വിളിച്ച് വിഗ്രഹവല്‍ക്കരിക്കുകയും ചെയ്യുന്ന സമകാലിക പരിസരത്തില്‍ റേപ്പിസ്റ്റ് പ്രസ്കതമാകുന്നതും ഈ പ്രാഥമിക പാഠത്തിലൂടെയാണ്.

 

 

eng­lish sum­ma­ry; the rapist film review ‑iffk 2022

Exit mobile version