Site iconSite icon Janayugom Online

ഉത്തരകാശിയിലെ പ്രളയത്തിന് കാരണം മേഘവിസ്ഫോടനമല്ല; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ 2025 ഓഗസ്റ്റ് 5നുണ്ടായ വിനാശകരമായ പ്രളയത്തിന് കാരണം മേഘവിസ്ഫോടനമല്ലെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ പഠനം. സമുദ്രനിരപ്പിൽ നിന്ന് 5,200 മീറ്റർ ഉയരത്തിലുള്ള ഒരു ഭീമൻ മഞ്ഞുപാളി പെട്ടെന്ന് ഇടിഞ്ഞുവീണതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്ത ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

ശ്രീകണ്ഠ ഗ്ലേസിയറിന് താഴെയുള്ള കുത്തനെയുള്ള ചരിവിൽ സ്ഥിതി ചെയ്തിരുന്ന ഈ മഞ്ഞുപാളിക്ക് ഏകദേശം കാൽ ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞുരുകുന്നതാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമായത്. സംരക്ഷണ കവചമായിരുന്ന മഞ്ഞുപാളികൾ നീക്കം ചെയ്യപ്പെട്ടതോടെ ഉൾഭാഗത്തെ ഐസ് ദുർബലമാവുകയും ഓഗസ്റ്റ് ആദ്യവാരത്തോടെ ഇത് തകർന്നു വീഴുകയുമായിരുന്നു.

ഒമ്പത് കിലോമീറ്റർ ചുറ്റളവിൽ 2,500 മീറ്റർ താഴ്ചയിലേക്ക് അതിവേഗം പതിച്ച ഈ മഞ്ഞുപാളികൾ വഴിമധ്യേയുള്ള പാറകളും മണ്ണും കൂട്ടിചേർത്ത് ഒരു വലിയ പ്രവാഹമായി മാറി. മിനിറ്റുകൾക്കുള്ളിൽ ഇത് ധരാലി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. മേഘവിസ്ഫോടനം ഉണ്ടാകാൻ ആവശ്യമായ കനത്ത മഴ ആ ദിവസങ്ങളിൽ അവിടെ രേഖപ്പെടുത്തിയിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാധാരണ ഗതിയിൽ ആർട്ടിക് മേഖലയിലും ഗ്രീൻലൻഡിലും മാത്രം കണ്ടുവരുന്ന ഇത്തരം മഞ്ഞുപാളി തകർച്ചകൾ ഹിമാലയത്തിൽ സംഭവിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ശാസ്ത്രലോകം കാണുന്നത്.

Exit mobile version