Site icon Janayugom Online

കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രവാസികളുടെ പങ്ക് വളരെ വലുത്: കാനം

kanam

പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ ജനയുഗവുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ സംരംഭമായ എക്സ്പാറ്റ് പ്രിന്റ് ഹൗസിന്റെ ശിലയിടൽ കർമ്മം നടന്നു. കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ ഇന്നലെ രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ശിലാസ്ഥാപനം നടത്തി.

നിലവിലെ പ്രതിസന്ധിഘട്ടത്തിൽ പ്രവാസികൾക്കായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന ആശയവുമായി മുന്നോട്ടുവന്ന പ്രവാസി ഫെഡറേഷൻ മാതൃകയെന്ന് കാനം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. സ്വദേശിവൽക്കരണവും തുടർന്നുണ്ടായ കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ ലക്ഷക്കണക്കിനു പേരാണ് പ്രവാസ ജീവിതം ഉപേക്ഷിച്ച് കേരളത്തിലെത്താൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസ് മുതൽ ന്യൂസ് പേപ്പർവരെയുള്ള പ്രിന്റിങും അനുബന്ധ ജോലികളും ഏറ്റെടുത്ത് ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളാണ് എക്സ്പാറ്റ് പ്രിന്റ് ഹൗസിൽ ഒരുക്കുന്നത്. ജോലി നഷ്ടമായി തിരികെയെത്തുന്ന പ്രവാസികൾക്കും മറ്റും ചെറുകിട നിക്ഷേപത്തിലൂടെ ഒരു വരുമാന സ്രോതസ് ഒരുക്കുവാനുള്ള പ്രവാസി ഫെഡറേഷന്റെ നിരവധി പദ്ധതികളിൽ ആദ്യത്തേതാണിത്.

കിൻഫ്രയിലെ നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ പ്രവാസി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബിനോയ് വിശ്വം എം പി അധ്യക്ഷനായിരുന്നു. ഇ ടി ടൈസൻ മാസ്റ്റർ എംഎൽഎ സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സ്പാറ്റ് പ്രിന്റ് ഹൗസ് ചെയർമാൻ പി പി സുനീർ, ജനയുഗം പത്രവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വിശദീകരിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, ജനയുഗം ജനറൽ മാനേജർ ജോസ് പ്രകാശ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാജീവ് ജി, എക്സ്പാറ്റ് പ്രിന്റ് ഹൗസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി പി രാധാകൃഷ്‌ണൻ, സുലൈമാൻ നിലമേൽ, അസീഫ് അബ്ദുൽ റഹീം, പി സി വിനോദ്, വിജയൻ നണിയൂർ, ബാബൂ ഗോകുലം, അജിത് വൈക്കം, ജനറൽ മാനേജർ ബിജു അഞ്ചൽ, ചന്തവിള കൗൺസിലർ എം ബിനു എന്നിവർ സംസാരിച്ചു.

 

Eng­lish Sum­ma­ry: The role of expa­tri­ates in the econ­o­my of Ker­ala is huge: Kanam

 

You may like this video also

Exit mobile version