Site iconSite icon Janayugom Online

ഗ്രാമീണ ആരോഗ്യരംഗം തളരുന്നു; സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരില്ല

doctorsdoctors

രാജ്യത്തെ ഗ്രാമീണ മേഖലയില്‍ തിരിച്ചടിയായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 80 ശതമാനം കുറവ് ഗ്രാമീണ ആരോഗ്യ രംഗം താറുമാറാക്കുന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെല്‍ത്ത് ഡൈനാമിക്സ് ഓഫ് ഇന്ത്യ 2023–24 റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമീണ ആരോഗ്യ മേഖലയിലെ നെടുംതുണായ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ (സിഎച്ച്സി) വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതായാണ് വിലയിരുത്തല്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന മെഡിക്കല്‍ സീറ്റുകള്‍ക്ക് ആനുപാതികമായി ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നില്ല. മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സിഎച്ച്സികളുടെ പ്രവര്‍ത്തനം ദയനീയമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജില്ലാ ആശുപത്രികള്‍ക്ക് തൊട്ടുതാഴെയായി പ്രവര്‍ത്തിക്കുന്ന ഓരോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുെടയും ഗുണഭോക്താക്കള്‍ ഒന്നര ലക്ഷത്തോളം പേരാണ്. 30 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍, അനസ്തേഷ്യസിസ്റ്റ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവയും സിഎച്ച്സികളില്‍ നിര്‍ബന്ധമാണ്. സര്‍ജന്‍, ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പീഡീയാട്രിഷ്യന്‍ തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തേണ്ടതുണ്ട്. 

രാജ്യത്തെ 757 ജില്ലകളിലായി 5,491 ഗ്രാമീണ സിഎച്ച്‌സികളുണ്ട്. 2023 മാർച്ചിലെ കണക്കനുസരിച്ച് 21,964 സ്പെഷ്യലിസ്റ്റ് ഡോക്ടർമാര്‍ വേണ്ടതില്‍ 4,413 പേര്‍ മാത്രമേയുള്ളൂ. 79.9 ശതമാനമാണ് കുറവ്. മധ്യപ്രദേശിൽ 94, ഗുജറാത്തിൽ 88.1, തമിഴ്‌നാട്ടിൽ 85.2 , ബിഹാറിൽ 80.9 ഉത്തർപ്രദേശിൽ 74.4 ശതമാനം വരെ ഡോക്ടർമാരുടെ കുറവുണ്ട്. അതേസമയം നഗരമേഖലയിലെ സിഎച്ച്സികളിലെ സ്ഥിതി അല്പം ഭേദമുണ്ട്. 868 നഗര സിഎച്ച്സികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ശതമാനം 56 ആണ്. 

വിദഗ്ധ ഡോക്ടര്‍മാരുടെ ക്ഷാമം കാരണം ഗ്രമീണ സിഎച്ച്സികളുടെ പ്രവര്‍ത്തനം വര്‍ഷാവര്‍ഷം ശോഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എംബിബിഎസിന് ശേഷം എംസ് — എംഡി ബിരുദാനന്തര ബിരുദം നേടുന്ന ഭൂരിപക്ഷം പേരും ഗ്രാമീണ മേഖലയില്‍ സേവനം നടത്താന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നതാണ് വിദഗ്ധ ഡോക്ടര്‍മാരുടെ കുറവിന് പ്രധാന കാരണം.
മികച്ച വേതനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതും ഇവരെ ഗ്രാമീണ മേഖലയില്‍ നിന്നും അകറ്റുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യം ഉപദേശകനായ ഡോ. കെ ആര്‍ ആന്റണി പറഞ്ഞു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് മുന്നോട്ടുവന്നില്ലെങ്കില്‍ ഗ്രാമീണ ജനതയുടെ ആരോഗ്യ പരിപാലനം വരുംനാളുകളില്‍ കടുത്ത ഭീഷണിയെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version