Site iconSite icon Janayugom Online

കടലിലും ചൂട് കനക്കുന്നു; മത്സ്യ ലഭ്യത കുറഞ്ഞു

കത്തുന്ന വെയിലിൽ കടലിലും ചൂട് കൂടിയതോടെ മത്സ്യബന്ധനമേഖല ഗുരുതര പ്രതിസന്ധിയിൽ. ചെറിയ വള്ളങ്ങളിലും ബോട്ടുകളിലും കടലിൽ പോകാനാവുന്നില്ല. ഫെബ്രുവരി ആദ്യംമുതൽ ചൂട് കൂടി തുടങ്ങിയതോടെ മത്സ്യലഭ്യത മൂന്നിലൊന്നായി ചുരുങ്ങിയെന്ന് ആലപ്പുഴ തീരത്തെ മത്സ്യ തൊഴിലാളികൾ പറയുന്നു. 590 കിലോമീറ്റർ കേരളതീരത്ത് പത്തു ലക്ഷത്തോളം പേർ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൂടുതൽ കിട്ടിക്കൊണ്ടിരുന്ന കണവ, അയല, ചെമ്മീൻ, നെയ്ത്തോലി എന്നിവ പകുതിപോലും കിട്ടാനില്ല. കടലിൽ ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ മുകൾത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മീൻ കുറയാൻ കാരണം. സൂ പ്ലാംഗ്ടൻ, ചെമ്മീൻ ലാർവകൾ, മത്സ്യ മുട്ടകൾ, ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് മത്തിയുടെ ആഹാരം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ മത്തിയുടെ വലിപ്പവും കുറഞ്ഞു. വലിപ്പം കുറഞ്ഞ മത്തിക്ക് കേരളത്തിൽ ഡിമാൻഡില്ല. ഇതേത്തുടർന്ന് തുച്ഛമായ നിരക്കിൽ ഇവയെ തമിഴ്‌നാട്ടിലെ കോഴിത്തീറ്റ, മത്സ്യത്തീറ്റ ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയാണ്. മീൻപിടിക്കാൻ പോകുന്നവരിൽ നല്ലൊരുഭാഗവും ഒഴിഞ്ഞ ബോട്ടുമായാണ് തിരികെ എത്തുന്നത്. ട്രോളിങ് നിരോധനത്തിനുമുൻപുള്ള സീസണിലും മൺസൂൺ സീസണിലുമാണ് മത്സ്യലഭ്യത കൂടുതലുള്ളത്. എന്നാൽ രണ്ടുവർഷം മുൻപുള്ള ട്രോളിങ് നിരോധന കാലയളവിനുശേഷം മത്സ്യലഭ്യതയിൽ സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത് വിഴിഞ്ഞത്തിനു വടക്കുവശംമുതൽ കൊച്ചിക്ക് തെക്കുവശംവരെയുള്ള കൊല്ലം ഫിഷിങ് ബാങ്കിലാണ്. വ്യത്യസ്ത ഇനം മത്സ്യങ്ങളും കൂടുതലായി ലഭിക്കുന്നത് ഇവിടെനിന്നാണ്. എന്നാൽ ഇവിടെനിന്ന് നേരത്തേ ഉള്ളതിന്റെ നാലിലൊന്ന് മത്സ്യംപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 

സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും മത്സ്യസമ്പത്തിനെ ബാധിക്കുന്നതാണ്. താപനില കൂടിത്തുടങ്ങുമ്പോൾ മുതൽ മീൻ ഉൾക്കടലിലേക്കു പോകും. താപനില കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽദിവസം കടലിൽ തങ്ങാനുമാകില്ല. അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽനിന്നുള്ള യാനങ്ങൾക്ക് വിലക്കുള്ളതിനാൽ അവിടെപ്പോയും മീൻപിടിക്കാനാകുന്നില്ല. ആന്ധ്രാ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇപ്പോൾ കേരളത്തിലേക്ക് കൂടുതലായി മത്സ്യങ്ങൾ എത്തിക്കുന്നത്. മീൻ കിട്ടാതെവരുന്നതും കള്ളക്കടൽ പ്രതിഭാസവും ഇന്ധനവില കൂടുന്നതുമെല്ലാം മത്സ്യമേഖലയെ തളർത്തുകയാണ്. ഒരു ബോട്ട് കടലിൽപ്പോകുമ്പോൾ ഒരുലക്ഷം രൂപയിലധികമാണ് ചെലവ്. 

Exit mobile version