Site icon Janayugom Online

ഇടതുപക്ഷ സര്‍ക്കാരിന്റെ മതനിരപേക്ഷ നിലപാടുകള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്കടുപ്പിച്ചു: കാനം

സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് സ്വീകരിച്ച മതനിരപേക്ഷ നിലപാടുകള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് സര്‍ക്കാരിനെ അടുപ്പിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ ശക്തികളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വമ്പിച്ച വിജയമാണുണ്ടായത്. 2016 നെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകളും സീറ്റുകളും എല്‍ഡിഎഫിന് ലഭിച്ചുവെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒമ്പത്, 10, 11 തീയതികളില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തു. എല്ലാ മണ്ഡലം കമ്മിറ്റികളിലെയും ജില്ലാ കമ്മിറ്റികളിലെയും തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് സംസ്ഥാന കൗണ്‍സില്‍ അവലോകനം നടത്തിയത്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും വിശദമായി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്താണ് റിവ്യൂ റിപ്പോര്‍ട്ട് തയാറാക്കിയത്.

 

എല്‍ഡിഎഫിലേക്ക് യുഡിഎഫ് വിട്ട് കക്ഷികള്‍ എത്തിയത് യുഡിഎഫിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ സഹായിച്ചു. എന്നാല്‍ പ്രതീക്ഷയ്ക്കനുസൃതമായി എല്‍ഡിഎഫ് ശക്തിപ്പെട്ടില്ല. പുതിയ രണ്ട് കക്ഷികള്‍ വന്നെങ്കിലും വോട്ട് വിഹിതം അതിനനുസരിച്ച് ഉയര്‍ന്നില്ല. സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളോടുള്ള ജനങ്ങളുടെ ആഭിമുഖ്യമാണ് സീറ്റുകളുടെ എണ്ണം കൂടാനും വോട്ടുവിഹിതം വര്‍ധിക്കാനും കാരണമായത്.

സര്‍ക്കാരിനെതിരായ എല്ലാ പ്രചരണങ്ങളെയും തള്ളിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും സഹായിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഈ സന്ദര്‍ഭത്തില്‍ അവരുടെ അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പരമാവധി ഇകഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ നടപടികള്‍, വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍, മതനിരപേക്ഷ നിലപാടുകള്‍ എന്നിവ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വലിയ സംഭാവന നല്‍കി. മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ വിപുലപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നതിന് സിപിഐയുടെ എല്ലാ പിന്തുണയും കഴിവുകളും ഉപയോഗിക്കണമെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതെന്ന് കാനം പറഞ്ഞു.


ഇതുകൂടി വായിക്കൂ: സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ രാജ്യത്തിന് മാതൃക ഇടതുപക്ഷം മാത്രം: വിക്കി മഹേശരി


പ്രതിപക്ഷം തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ തകര്‍ച്ച നേരിടുകയാണ്. ആഭ്യന്തര പ്രശ്നങ്ങളുടെ ചുഴിയില്‍പ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ചത്. അതിന്റെ പ്രശ്നങ്ങളെല്ലാം അവരുടെ സംഘടനയിലും ഉടലെടുത്തിട്ടുണ്ട്. അതുപോലെ കോണ്‍ഗ്രസിനെ നവീകരിക്കാനുള്ള സാഹസികമായ പരിശ്രമങ്ങള്‍ കോണ്‍ഗ്രസിനകത്ത് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ സമവാക്യങ്ങള്‍ കോണ്‍ഗ്രസിനകത്ത് ഉരുത്തിരിഞ്ഞ് വരികയാണ്. ഈ സാഹചര്യത്തില്‍ മറ്റെല്ലാ ജനവിഭാഗങ്ങളിലേക്കും കടന്നു ചെല്ലാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് പോകണം.


ഇതുകൂടി വായിക്കൂ: ബിജെപിയുടെ നയങ്ങൾക്ക് ബദൽ ഇടതുപക്ഷം മാത്രം: പന്ന്യൻ രവീന്ദ്രൻ


സിപിഐ ഇത്തവണ 25 സീറ്റില്‍ മത്സരിച്ച് 17 സീറ്റില്‍ വിജയിച്ചു. 68 ശതമാനമാണ് വിജയം. രണ്ട് സിറ്റിങ് സീറ്റുകള്‍ പരാജയപ്പെട്ടു. പരാജയ കാരണങ്ങള്‍ വിശദമായി പരിശോധിക്കാനും അത് സംബന്ധിച്ച് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനാപരമായ നിലപാടുകള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ കക്ഷികള്‍ വരുമ്പോള്‍ മത്സരിക്കാനുള്ള സീറ്റുകള്‍ വര്‍ധിക്കുകയല്ല, മത്സരിക്കുന്ന സീറ്റുകള്‍ കൂടുതല്‍ ജയിക്കാന്‍ വേണ്ടി പരിശ്രമിക്കണം. ഇതിന് സംഘടനാപരവും രാഷ്ട്രീയവുമായ ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് കൗണ്‍സില്‍ തീരുമാനിച്ചതായും സെക്രട്ടറി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി എന്നിവരും പങ്കെടുത്തു.

ഡി രാജ നടത്തിയത് ചോദ്യത്തിനനുസരിച്ചുള്ള പ്രതികരണം

 

തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യൂട്ടീവിന്റെയോ സെക്രട്ടേറിയറ്റിന്റെയോ തീരുമാനമല്ലെന്ന് കാനം രാജേന്ദ്രന്‍. ചോദ്യത്തിനനുസരിച്ചുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. സംസ്ഥാന നേതൃത്വം എഴുതിയ കത്തില്‍ പറയുന്നത് പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകത്തിന്റെ അറിവോടെയായിരിക്കണം എന്നതാണ്. അത് നേരത്തേയെടുത്തിട്ടുള്ള തീരുമാനമാണ്. നിലവിലുള്ള മാനദണ്ഡം ലംഘിക്കപ്പെട്ടുവെന്നാണ് താന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയതെന്നും കാനം പറഞ്ഞു. കത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ് ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ഘടകത്തിന്റെ ചര്‍ച്ചകളും അഭിപ്രായങ്ങളും ജനറല്‍ സെക്രട്ടറിയെ അറിയിക്കാന്‍ മറ്റൊരു ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. യുപിയും കേരളവും ഒരുപോലെയല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. കേരളം വ്യത്യസ്തമാണ്, അത് ജനറല്‍ സെക്രട്ടറിക്ക് അറിയാത്തതല്ല. ജനറല്‍ സെക്രട്ടറിയായാലും, ചെയര്‍മാനായാലും, സംസ്ഥാന സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നും കാനം പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങള്‍ എവിടെയുമുണ്ടാകും. അതില്‍ തക്കതായ നടപടി എടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളെ മാധ്യമങ്ങള്‍ സാമാന്യവല്‍ക്കരിക്കുകയാണ്. അത് കണ്ട് രാഷ്ട്രീയ നേതാക്കന്മാര്‍ ഓരോന്നോരോന്നിനും പ്രതികരിക്കേണ്ട കാര്യമില്ല. നയപരമായ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ മാറിപ്പോകുമ്പോഴാണ് സിപിഐ വിമര്‍ശിക്കുന്നത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

‘ജനയുഗം’ ഗുരുനിന്ദ കാണിച്ചിട്ടില്ലെന്ന് സിപിഐ

 

തിരുവനന്തപുരം: ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനയുഗവും ഗുരുദര്‍ശനങ്ങളെ എല്ലാക്കാലവും ബഹുമാനിക്കുകയും കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുള്ള നായകനായി ഗുരുവിനെ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്


എത്ര സെന്റീമിറ്റര്‍ കോളത്തില്‍ ഫോട്ടോ കൊടുക്കണം എന്നതനുസരിച്ചല്ല അതിന്റെ വലുപ്പം വരുന്നത്. കെ കെ ശിവരാമന്റെ വിമര്‍ശനം അസ്ഥാനത്തുള്ളതും അനാവശ്യവുമായതിനാല്‍ അദ്ദേഹത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ തീരുമാനിച്ചുവെന്നും കാനം പറഞ്ഞു.

 

സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളില്‍ മതമേലധ്യക്ഷന്മാര്‍ പങ്കാളികളാകരുത്: കാനം

 

തിരുവനന്തപുരം: കേരള സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളില്‍ മതമേലധ്യക്ഷന്മാര്‍ പങ്കാളികളാകരുതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിഭജിക്കുന്ന ആശയങ്ങള്‍ക്ക് ആരും പിന്തുണ നല്‍കാതിരിക്കുക. സമൂഹത്തിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ധാരാളം വഴികളുണ്ട്. കേരളീയ സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മതമേലധ്യക്ഷന്മാര്‍ തന്നെ വിഭജിച്ച് നിര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ ചെയ്യുന്നതും ആര്‍എസ്എസ് ചെയ്യുന്നതും ഒന്നു തന്നെയാണ്. സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയും ആര്‍എസ്എസും സ്വാഗതം ചെയ്യും. വിവിധ രാഷ്ട്രീയം വിവിധ മതവിശ്വാസം എന്നിവയെ ഒരുമിപ്പിച്ച് നിര്‍ത്തുകയാണ് ആവശ്യമെന്നും കാനം പറഞ്ഞു.

 

 

മുട്ടിൽ മരംമുറി ഉത്തരവ് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ്. കൃഷിക്കാര്‍ക്ക് വേണ്ടിയുള്ള ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ അത് പിന്‍വലിക്കുകയാണുണ്ടായത്. അതില്‍ യാതൊരു വിവാദവുമില്ല. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെ സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറാന്‍ പാടില്ല. സഹകരണ മേഖല കേരളത്തില്‍ ശക്തമായ മേഖലയാണ്. അതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ സഹകരണ നിയമത്തില്‍ തന്നെ വകുപ്പുകളുണ്ട്. അവര്‍ നടപടി സ്വീകരിക്കട്ടെയെന്നും കാനം പറഞ്ഞു.


ഇതുകൂടി വായിക്കൂ:കണ്ണൂർ സര്‍വകലാശാല കരിക്കുലം വിവാദം


കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിഷയത്തില്‍ സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട് വരട്ടെ. ഇത്തരം വിഷയങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അത് വായിച്ചുകൂടെന്ന് തീരുമാനിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച കാനം അക്കാഡമിക് തലത്തില്‍ ഒരു വിഷയത്തെ സംബന്ധിച്ച് ശരിയും തെറ്റും മനസിലാക്കാന്‍ അത് സിലബസിലുള്‍പ്പെടുത്തണോ വേണ്ടയോ എന്നാണ് പരിശോധിക്കേണ്ടതെന്നും പറഞ്ഞു.

ഇന്ധന നികുതി കൂട്ടാന്‍ കേന്ദ്രം കുറയ്ക്കാന്‍ സംസ്ഥാനം എന്ന സമ്പ്രദായം ഇല്ല. സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. ശമ്പള പരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.

 

Eng­lish Sum­ma­ry: The sec­u­lar stance of the Left gov­ern­ment was brought clos­er to the mass­es: Kanam

You may like this video also

Exit mobile version