Site icon Janayugom Online

ഭൂമിയുടെ രേഖകൾ ഇനി അവകാശികളെ തേടിയെത്തും: മന്ത്രി കെ രാജന്‍

അര്‍ഹമായതും കൈവശം വെച്ചിരിക്കുന്നതുമായ ഭൂമിയുടെ രേഖകള്‍ അവകാശികളെ തേടിയെത്തുന്ന വിധത്തിലേക്ക് റവന്യു വകുപ്പിന്റെ സേവനങ്ങളെ വിപുലീകരിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മീനങ്ങാടിയില്‍ ജില്ലാതല പട്ടയമേളയും നവീകരിച്ച വില്ലേജ് ഓഫീസുകളുടെയും താലൂക്ക് അടിയന്തര ദുരന്ത നിവാരണ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണതയുള്ള ഇടുക്കി, വയനാട് ജില്ലകളിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും. ഇതിനായി ജൂണില്‍ സര്‍വകക്ഷി യോഗം ചേരും. അനധികൃതമായ കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്നതിനൊപ്പം അര്‍ഹരമായ മുഴുവന്‍ പേര്‍ക്കും ഭൂമിയും ഇതിനെല്ലാം സമയബന്ധിതമായി രേഖയും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഭൂമി കൈവശമുണ്ടായിട്ടും കാലങ്ങളായി അവകാശ രേഖ കിട്ടാത്തതിനാല്‍ ഒട്ടേറെ കുടുംബങ്ങള്‍ നരകിച്ചിരുന്നു. രേഖയില്ലാത്തതിനാല്‍ ലൈഫ് മിഷനില്‍ പോലും വീട് ലഭിച്ചിരുന്നില്ല. ഇതിനെല്ലാമുള്ള  പരിഹാരമായാണ് വസ്തുകള്‍ പരിശോധിച്ച് വയനാട്ടില്‍ 525 പട്ടയങ്ങള്‍ വിതരണത്തിന് സജ്ജമാക്കിയത്. വനാവകാശ നിയമ പ്രകാരമുള്ള അവകാശ രേഖയും ഇതോടൊപ്പമുണ്ട്. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്നതാണ് സര്‍ക്കാരിന്റെ നയം. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കാനുള്ള നടപടികള്‍ ഇനിയും ത്വരിതപ്പെടുത്തും. കൂട്ടായ പരിശ്രമത്തിലൂടെ ഏറെക്കാലമായി നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലുള്ള പട്ടയങ്ങളും വനാവകാശ രേഖയും മന്ത്രി വിതരണം ചെയ്തു.

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ടി.സിദ്ദിഖ് എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ഗീത, ഭക്ഷ്യകമ്മീഷന്‍ അംഗം എം.വിജയലക്ഷ്മി, സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹഫ്‌സത്ത്, ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധര്‍, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ.ഷാജു, എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍, കെ.അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: the ser­vices of Rev­enue depart­ment will expand: min­is­ter K Rajan

You may like this video also

Exit mobile version